മോഷ്ടാക്കളുടെ ഭീഷണിയില്‍ ഒരുഗ്രാമം; പോലീസ് എയ്ഡ്‌പോസ്റ്റ് ശൂന്യം

കൂട്ടിക്കല്‍: മോഷ്ടാക്കള്‍ വിലസുന്ന ഒരു ഗ്രാമം, പോലീസ് എയ്ഡ് പോസ്റ്റാണെങ്കില്‍ ശൂന്യം.

കൂട്ടിക്കല്‍ പഞ്ചായത്താണ് മോഷ്ടാക്കളുടെ ഭീഷണിയില്‍ വിറയ്ക്കുന്നത്.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ അരങ്ങേറിയത് അഞ്ച് മോഷണങ്ങള്‍.

വാഗമണ്‍, കോലാഹലമേട്, ഈരാറ്റുപേട്ട, ആനക്കുഴിവരെ നീണ്ടുകിടക്കുന്ന പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ക്രമസമാധാനത്തിന് പോലീസ് എത്തേണ്ടത് കിലോമീറ്ററുകള്‍ക്കപ്പുറം മുണ്ടക്കയത്തുനിന്ന്.

ക്രമസമാധാനപാലനത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ചിരുന്ന ഔട്ട്‌പോസ്റ്റില്‍ നാല്‌പോലീസുകാരും ഒരു എ.എസ്.ഐ.യും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല.പട്രോളിങ് പാര്‍ട്ടി വല്ലപ്പോഴും എത്തും. ഔട്ട്‌പോസ്റ്റിലെ മൂന്ന് ക്വാര്‍ട്ടേഴ്‌സുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്.

ഇത് മോഷ്ടാക്കള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും സഹായകമാകുന്നു. എല്ലാ പഞ്ചായത്തിലും പോലീസ് സ്റ്റേഷന്‍ എന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതും കാത്തിരിക്കുകയാണ് കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട് നിവാസികള്‍.

കോരുത്തോട് മുതല്‍ വാഗമണ്‍, കോലാഹലമേട് വരെ 60 കി.മീ ചുറ്റളവാണ് മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നത്. എസ്.ഐ. ഉള്‍പ്പെടെ സ്റ്റേഷനില്‍ 32 പേരാണ് ഉള്ളത്.