മോഷ്ടാക്കൾ പൊലീസ് പിടിയിൽ

തിടനാട്∙ തിടനാട്, ഈരാറ്റുപേട്ട, പാലാ പൊലീസ് സ്റ്റേഷനുകളിൽ ആറു മോഷണ കേസുകളിൽ പ്രതികളായ രണ്ടുപേർ പൊലീസ് പിടിയിലായി. കീഴമ്പാറ കാരമലയിൽ ശ്യാം തങ്കച്ചൻ തലയോലപ്പറമ്പ് വാവ ഉഴുത്തിൽപറമ്പിൽ രതീഷ് എന്നിവരാണ് പിടിയിലായത്. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് തങ്കച്ചനെ പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നു ഞായറാഴ്ച വൈകിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രാത്രി കാലങ്ങളിൽ സ്വർണമാല തുറന്നുകിടക്കുന്ന ജനലിലൂടെ പൊട്ടിക്കുക, ബൈക്ക് മോഷണം, കാണിക്കവഞ്ചി കുത്തി തുറക്കുക എന്നീ മോഷണക്കേസുകളിലെ പ്രതികളാണ് ഇവർ. പിറവത്ത് ഒരു കേസും ഇവരുടെ പേരിലുണ്ട്. മോഷണം നടത്തിയ സ്വർണം ചെന്നൈയിലെ സ്വർണക്കടയിൽ വിൽപന നടത്തുകയാണ് ചെയ്തത്. എസ്ഐ ലെബിമോൻ, എഎസ്ഐ ഗോപകുമാർ, റഷീദ്, ജയ്‌മോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.