മൺസൂൺ ചതിച്ചു: 5 വർഷത്തിനിടയിലെ ഏറ്റവും വരണ്ട ജൂണ്‍ ഇക്കുറി

മൺസൂൺ മേഘങ്ങൾ പെയ്തിറങ്ങാൻ വൈകിയത് ജൂണിനെ തള്ളിവിട്ടതു കൊടും വരൾച്ചയിലേക്ക്. അഞ്ചു വർഷത്തിനിടെ രാജ്യത്ത് ഏറ്റവും അധികം വരൾച്ച നേരിട്ട ജൂണ്‍ മാസമാണ് ഇക്കുറി കടന്നുപോയതെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇത‌ു രാജ്യത്തിന്റെ സാമ്പത്തിക–കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്നാണു നിഗമനം.

രാജ്യത്തിന്റെ 15 ശതമാനത്തോളം കാർഷിക മേഖലയെ ആശ്രയിച്ചാണു പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ മഴ വെകിയതും ലഭ്യത കുറഞ്ഞതും രാജ്യത്തിന്റെ പകുതിയോളം വരുന്ന വിളനിലങ്ങളെ സാരമായി ബാധിച്ചു. ആകെ ശരാശരിയേക്കാൾ മൂന്നു മടങ്ങു കുറവു മഴ മാത്രം രാജ്യത്താകമാനം ലഭിച്ചപ്പോൾ കരിമ്പു കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ 61 ശതമാനം കുറവാണ് ഈ ജൂണിൽ അനുഭവപ്പെട്ടതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ ആദ്യം എത്തിയത് കേരളത്തിലാണ്. ജൂൺ 8 ന്. എന്നാൽ വായു ചുഴലിക്കാറ്റ് അറബിക്കടലിൽ ശക്തി പ്രാപിച്ചതോടെ മഴയുടെ ശക്തി പതിയെ കുറയാൻ തുടങ്ങി. ജൂലൈ ഒന്നോടെയാണു മിക്ക പ്രദേശങ്ങളിലും മഴയെത്തിയത്. എന്നാൽ രാജ്യത്തിന്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളിൽ മാത്രമാണ് എത്തിയത്. മുംബൈയിൽ ജൂൺ അവസാനത്തോടെ എത്തിയ മഴ നാലു ദിവസങ്ങളായി ശക്തി പ്രാപിക്കുകയാണ്. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്തു മഴ ശക്തി പ്രാപിച്ചില്ലെങ്കിൽ കാർഷിക വിളകൾക്കു കനത്ത നാശം സംഭവിക്കുമെന്നാണു വിദഗ്ധർ പറയുന്നത്. ഇതു കാർഷിക സാമഗ്രികൾ വിൽക്കുന്നവരെയും സാരമായി ബാധിക്കും. അങ്ങനെ സാമ്പത്തിക– കാർഷിക മേഖലകളെ താറുമാറാക്കും.

രാജ്യത്തിന്റെ മധ്യ–പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജൂലൈ ആദ്യ വാരത്തോടെ മഴയെത്തുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. ഇത് പരുത്തി, സോയാബീൻ, പയറു വർഗങ്ങൾ എന്നീ കൃഷികൾക്കു ഗുണമാകുമെന്നാണു കണക്കുക്കൂട്ടൽ. എന്നാൽ കുറ‍ഞ്ഞ തോതിൽ മാത്രം മഴ പ്രതീക്ഷിക്കുന്ന വടക്കൻ സംസ്ഥാനങ്ങളിലെ കരിമ്പു കൃഷി പ്രതിസന്ധിയിലാകും. എന്തായാലും ശരാശരിയിൽ കുറഞ്ഞ മഴ മാത്രമാണ് ഇന്ത്യ ജൂലൈയിൽ പ്രതീക്ഷിക്കുന്നതെങ്കിലും ഇത് ജൂണിൽ ലഭിച്ച 33 ശതമാനത്തേക്കാൾ കൂടുമെന്നാണു നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഒരു സാധാരണ, അല്ലെങ്കിൽ ശരാശരി, മൺസൂൺ എന്നാൽ നാലുമാസത്തെ മഴക്കാലത്ത് 50 വർഷത്തെ ശരാശരി 89 സെന്റിമീറ്ററിൽ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴയാണ്. 2019 ൽ ശരാശരി മഴ രാജ്യത്തു ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. എന്നാൽ സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ശരാശരിയിൽ താഴെമാത്രം മഴ ലഭിക്കുകയുള്ളൂവെന്നാണ്.