മണിമലയാറ്റിൽ ശുചീകരണ യജ്ഞവും പുഴയോര വനവത്കരണ പരിപാടിയും
കാഞ്ഞിരപ്പള്ളി: പ്രളയാന്തരം മണിമലയാറ്റിൽ പല ഇടങ്ങളിലും അടിഞ്ഞു കൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ബൃഹത്തായ പദ്ധതിക്ക് നാളെ മണിമല പഴയിടം ചെക്ക് ഡാമിനു സമീപം തുടക്കമാകും.
ശുചീകരണ പുഴയോര വനവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10ന് ഡോ.എം. ജയരാജ് എംഎൽഎ നിർവഹിക്കും.
പുഴയോര വനം പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറിലധികം മുളം തൈകൾ വച്ചു പിടിപ്പിക്കും. വിവിധ കോളജ്, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള എൻഎസ്എസ് വിദ്യാർഥികൾ, അധ്യാപകർ, സന്നദ്ധ സംഘടന പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഹരിത കേരള മിഷൻ, കേരള സംസ്ഥാന വനം വകുപ്പ് സോഷ്യൽ ഫോറസ്റ്ററി വിഭാഗം, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് (ടൈസ്) എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.