യാത്രക്കാര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി വന്‍മരങ്ങള്‍

എരുമേലി: എരുമേലി മേഖലയില്‍ യാത്രക്കാര്‍ക്കും വീടുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്ന് ആവശ്യം. പ്രധാന പാതയോരങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് പേടിസ്വപ്‌നമായിരിക്കുകയാണ്. കരിമ്പിന്‍തോട് വനപാതയോരങ്ങളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി വന്‍മരങ്ങളാണ് അപകട സാധ്യതയുയര്‍ത്തി നില്‍ക്കുന്നത്. കരിമ്പിന്‍തോട് പാതയില്‍ ഒരുമാസത്തിനിടെ പലതവണ കാട്ടുമരങ്ങള്‍ റോഡിലേക്ക് വീണിരുന്നു. എരുമേലി-മുക്കൂട്ടുതറ പാതയില്‍ അസ്സീസ്സി ആസ്​പത്രി ജങ്ഷനില്‍ റോഡരികിലായി സ്വകാര്യ എസ്റ്റേറ്റ് ഭൂമിയില്‍ മരം ഉണങ്ങിനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഈ ഭാഗത്ത് ബസ് സ്റ്റോപ്പ് ഉള്ളതാണ്. സ്‌കൂള്‍ വാഹനങ്ങളുള്‍പ്പെടെയുള്ളവ ഇതുവഴിയാണ് കടന്നുപോകുന്നത്.

കനകപ്പലം വെയിറ്റിങ് ഷെഡ്ഡ് ജങ്ഷനിലും അപകട സാധ്യതയുയര്‍ത്തിയാണ് മണ്‍തിട്ടയില്‍ വലിയ വാക മരം നില്‍ക്കുന്നത്. നെടുങ്കാവ് വയല്‍, പാക്കാനം, എലിവാലിക്കര, പമ്പാവാലി തുടങ്ങി വനാതിര്‍ത്തിയില്‍പ്പെട്ട നിരവധി സ്ഥലങ്ങളില്‍ വീടുകള്‍ക്ക് ഭീഷണിയായാണ് മരങ്ങള്‍ നില്‍ക്കുന്നത്.