യാത്രക്കാർ സൂക്ഷിക്കുക; സിമന്റ് പാളികൾ അടർന്നുവീഴും

എരുമേലി: എരുമേലി പഞ്ചായത്തുവക സ്വകാര്യ ബസ്‌സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ബസ് കാത്തുനിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മേൽക്കൂരയിൽനിന്നു ഏത് സമയത്തും സിമന്റ് പാളികൾ അടർന്നുവീഴാം. പലതവണ അടർന്ന് വീണെങ്കിലും യാത്രക്കാരില്ലാഞ്ഞതിനാൽ അപകടം ഒഴിവായി. വാഹനങ്ങൾ കയറി ഇറങ്ങുന്ന വശങ്ങളിൽ കെട്ടിടത്തിന്റെ ഭിത്തികൾ നനഞ്ഞ് വിണ്ടുകീറി അപകടാവസ്ഥയിലാണ്.

മുകൾനിലയിലേക്കുള്ള ഭാഗത്ത് കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ചനിലയിലാണ്. മേൽക്കൂരയിൽനിന്നു കോൺക്രീറ്റ് ഇളകി വീഴുന്നതിനാൽ മുകൾനിലയിലേക്കുള്ള ഒരു പ്രവേശനഭാഗം അടച്ചിരിക്കുകയാണ്. വെള്ളം കെട്ടിക്കിടന്ന് ചോർച്ചയും ഉണ്ടാകുന്നു.

രണ്ട് നിലകളിലായുള്ള വ്യാപാര സമുച്ചയത്തിൽ താഴെ കടകളും യാത്രക്കാർക്ക് നിൽക്കാനുള്ള ഇടവുമാണ്. ഇരിക്കാനായി നാല് തൂണുകൾക്ക് ചുവട്ടിലായി ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഈ ഭാഗത്തും മേൽക്കൂരയിലെ സിമന്റ് പാളികൾ അടർന്നുവീഴുന്നു. വില്ലേജ്, മരാമത്ത് ഓഫീസുകളും പഞ്ചായത്ത് ലൈബ്രറിയുമാണ് മുകൾ നിലയിൽ. മഴയായാൽ മുകൾ നിലയിലെ രണ്ട് വരാന്തകളിലും വെള്ളം കെട്ടികിടക്കും.

1980-ലാണ് ബസ്‌സ്റ്റാൻഡ്‌, വ്യാപാര സമുച്ചയം എന്നിവയുടെ നിർമാണം തുടങ്ങിയത്. നിർമാണം പൂർത്തിയായി മൂന്ന് വർഷത്തിന് ശേഷം ഉദ്ഘാടനം നടത്തി തുറന്നുകൊടുക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ പറയുന്നു. 36 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് പലതവണയായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ശോച്യാവസ്ഥയ്ക്ക് മാറ്റമില്ല. പഞ്ചായത്തിന്റെ മുക്കുട്ടുതറയിലെ വ്യാപാര സമുച്ചയവും അപകടാവസ്ഥയിലാണ്.