യാത്രാദുരിതം രൂക്ഷമാക്കി റോഡിലെ കുഴികൾ

പിണ്ണാക്കനാട്∙ തിടനാട്, പാറത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പിണ്ണാക്കനാട്–പാറത്തോട് റോഡിലെ കുഴികൾ യാത്രക്കാർക്കു ദുരിതമായി തീർന്നിരിക്കുകയാണ്. പാറത്തോട് പഞ്ചായത്തിൽപ്പെടുന്ന ഭാഗത്താണ് കുഴികൾ നിറഞ്ഞിരിക്കുന്നത്.

വലിയ വാഹനങ്ങൾക്കുപോലും കടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കാറുകളുടെ അടിഭാഗം റോഡിൽ തട്ടുന്ന അവസ്ഥയുമുണ്ട്. ഈരാറ്റുപേട്ട പൈക ഭാഗങ്ങളിലുള്ളവർക്ക് കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ മുണ്ടക്കയം ഭാഗത്തേക്കു പോകാനുള്ള എളുപ്പ മാർഗവുമാണിത്. ഓട്ടോറിക്ഷകൾ ഇതുവഴി വരാൻ മടിക്കുകയാണ്. ബസ് സർവീസ് ഇല്ലാത്ത റോഡിൽ‌ ഓട്ടോറിക്ഷകൾ ഓട്ടം നിർത്തിയാൽ ജനം ഇരട്ടി ദുരിതത്തിലാകും. അടിയന്തരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.