യുവജനങ്ങൾ സഭയെ വളർത്തണം: മാർ ആലഞ്ചേരി

കാഞ്ഞിരപ്പള്ളി രൂപത സിറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നസ്രാണി യുവശക്തി മഹാറാലിയോടനുബന്ധിച്ചു നടന്ന സംഗമം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞിരപ്പള്ളി∙ സഭയോടൊത്തു പ്രവർത്തിച്ച് സഭയെ വളർത്താൻ യുവജനങ്ങൾ തയാറാകണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയ്‌ക്കെതിരെ അപസ്വരങ്ങൾ ഉണ്ടായാൽ അതിനെയെല്ലാം തരണം ചെയ്യുവാൻ യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് – എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ‍ നടത്തിയ നസ്രാണി യുവശക്തി മഹാറാലിയോടനുബന്ധിച്ചു നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എംവൈഎം രൂപത പ്രസിഡന്റ് ജോമോൻ പൊടിപാറ അധ്യക്ഷത വഹിച്ചു.

സഭാ വിരുദ്ധതയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്ക സഭ കേരള മണ്ണിൽ ചെയ്ത സംഭാവനകൾക്ക് സമകാലിക മലയാളത്തിൽ ഒരു പേരുണ്ടെങ്കിൽ അതിനാണ് നവോത്ഥാനമെന്ന് പറയുന്നതെന്ന് യുവജനങ്ങൾ മറക്കരുത്. ഇത്തരം സംഭാവനകൾ ചെയ്ത സഭയെ ചവിട്ടിക്കൂട്ടി പഴംതുണി പരുവമാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, കൗൺസിലർ റോസ്‌ബെല്ലാ വർഗീസ് എന്നിവർ പ്രസംഗിച്ചു. ജീസസ് യൂത്തിന്റെ ക്രോസ് ടോക് ബാൻഡ് സംഗീതവിരുന്നും നടന്നു. സംഗമത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ നിന്ന് ആരംഭിച്ച റാലി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പ്രസിഡന്റ് ജോമോൻ പൊടിപാറയ്ക്കു പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു.