യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത സിവിൽ പൊലീസ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾക്ക് കാർ തരപ്പെടുത്തിക്കൊടുത്ത സിവിൽ പൊലീസ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പെൻകുന്നം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷിനെ (42) ആണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആനക്കല്ല് ചെരിപുറത്ത് പള്ളിത്താഴെ അജ്മലിന് (36) കപ്പാട് സ്വദേശി സുഭാഷിനെ തട്ടിക്കൊണ്ടുപോകാൻ കാർ വാടകയ്ക്ക് ഏർപ്പാടു ചെയ്തുകൊടുത്ത സംഭവത്തിലാണ് നടപടി. കൂരാലിയിൽനിന്നാണ് ഗിരീഷ് അജ്മലിന് കാർ ഏർപ്പാടാക്കി കൊടുത്തത്.

2016 ജനുവരി 10നു കപ്പാട് സ്വദേശി സുഭാഷ് വീട്ടിലേക്കു പോകുന്നതിനിടെ വണ്ടനാമലയിൽവച്ച് അജ്മലും കൂട്ടാളികളും ചേർന്നു കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചശേഷം തിരികെ വണ്ടനാമലയിൽ ഉപേക്ഷിച്ചതായാണ് കേസ്.

സുഭാഷ് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അജ്മൽ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം അജ്മൽ ആനക്കല്ലിലെ വീട്ടിലെത്തിയ വിവരം അറിഞ്ഞ കാ‍ഞ്ഞിരപ്പള്ളി എസ്എെ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ വീടുവളഞ്ഞു പിടികൂടുകയായിരുന്നു. സുഭാഷിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ മാത്രം അജ്മലിനെതിരെ 24 കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു. നെയ്യാറ്റികര, കഴക്കൂട്ടം, പൂജപ്പുര, കൊച്ചി ഹിൽപാലസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. 2007ൽ ഗുണ്ടാ നിയമപ്രകാരം ഒരുവർഷം ജയിലിലായിരുന്നു. വധശ്രമം, കവർച്ച, കവർച്ചാശ്രമം, സംഘം ചേർന്നു തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ പേരിൽ കേസുണ്ട്.