യുവാവിന്റെ കാലുകൾ തല്ലിയൊടിച്ച കേസിൽ ഷാപ്പുടമ അറസ്റ്റിൽ

ചിറക്കടവ്∙ കള്ളുഷാപ്പിലെ തൊഴിലാളിയും ബന്ധുവുമായ യുവാവിന്റെ കാലുകൾ തല്ലിയൊടിച്ച കേസിൽ ഷാപ്പ് ഉടമ അറസ്റ്റിൽ. തെക്കേത്തുകവല, പൗവ്വത്തുകവല പരിയാരത്ത് വിനോദ് (മണിക്കുട്ടൻ–34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15നു രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ചെന്നാക്കുന്ന് ഷാപ്പിലെ വിൽപനക്കാരൻ ചിറക്കടവ് ഗ്രാമദീപം, കാരിപ്പൊയ്ക മംഗലത്തുകുന്നേൽ മനോജി(45)നെയാണു ഷാപ്പുടമയും മറ്റു തൊഴിലാളികളും ചേർന്നു മർദിച്ചതെന്നു പൊലീസ് പറഞ്ഞു.. മനോജിന്റെ രണ്ടു കാലുകളും ഒരു കയ്യും ഒടിഞ്ഞു.

ഷാപ്പ് ഉടമ വിനോദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. മറ്റു പ്രതികളായ മോഹൻ, ഗിരീഷ്, ജഗദീഷ് എന്നിവർക്കു കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊൻകുന്നം സിഐ ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.