രണ്ടിലയ്ക്ക് രണ്ട് സീറ്റ്: ആവശ്യം ഉന്നയിച്ച് കെ.എം. മാണിയും

ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റു വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാൻ കേരള കോൺഗ്രസ് (എം).2 സീറ്റ് വേണമെന്ന ന്യായമായ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി ചെയർമാൻ കെ.എം.മാണി പറഞ്ഞു.കേരള കോൺഗ്രസിന് ഏതു നിലയിലും അവകാശപ്പെട്ടതാണ് 2 സീറ്റ്. അതു കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷ. ഇതിനായി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നില്ലെന്നും മാണി പറഞ്ഞു.സീറ്റിന്റെ കാര്യത്തിൽ ഏതാനും ദിവസമായി പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ട്. കോട്ടയത്തിനു പുറമെ ഇടുക്കിയും വേണമെന്നു വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഞായറാഴ്ച തൊടുപുഴയിൽ പറഞ്ഞിരുന്നു.

എന്നാൽ അതേ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ പാർട്ടി ചെയർമാൻ കെ.എം. മാണി പറഞ്ഞത്, സീറ്റിന്റെ പേരിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കില്ലെന്നാണ്.സീറ്റുകളെപ്പറ്റി ഇന്നലെ തിരുവനന്തപുരത്തു കേരള കോൺഗ്രസ് നേതാക്കൾ ആശയ വിനിമയം നടത്തിയതായി സൂചനയുണ്ട്. തുടർന്നാണു 2 സീറ്റു വേണമെന്നു കൂടുതൽ ശക്തമായി ആവശ്യപ്പെടാൻ തീരുമാനിച്ചത്.

തർക്കം പരസ്യമായ രഹസ്യം

കേരള കോൺഗ്രസ് (എം) മാണി–ജോസഫ് വിഭാഗങ്ങൾ തമ്മിൽ ലോക്സഭാ സീറ്റിന്റെ പേരിൽ തർക്കമുണ്ടെന്നത് പരസ്യമാണ്. രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്കു നൽകിയതിനാൽ ലോക്സഭാ സീറ്റ് തങ്ങൾക്കു വേണമെന്നാണു ജോസഫ് വിഭാഗത്തിന്റെ ആവശ്യം.ഇടുക്കി സീറ്റു ലഭിച്ചാൽ മത്സരിക്കാനാണ് പി.ജെ. ജോസഫിന്റെ തീരുമാനം. എന്നാൽ കോട്ടയം സീറ്റ് വിട്ടുകൊടുത്ത് ഇടുക്കി സീറ്റ് എടുക്കാൻ മാണി വിഭാഗം തയാറല്ല. ഇതോടെയാണ് രണ്ടു സീറ്റുകൾ ആവശ്യപ്പെടാനുള്ള തീരുമാനം.ജോസ് കെ. മാണി നയിക്കുന്ന കേരള യാത്രയിൽ ജോസഫ് വിഭാഗത്തിന്റെ സഹകരണം അത്യാവശ്യമാണ്.