രണ്ടുലക്ഷത്തിന് മുകളിലുള്ള നോട്ട് കൈമാറ്റത്തിന് തുല്യസംഖ്യ പിഴ

തുക സ്വീകരിക്കുന്ന ആളില്‍ നിന്നാകും പിഴ ഈടാക്കുകയെന്നും വകുപ്പ് അറിയിച്ചു

രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം ചെയ്താന്‍ അതിന് തുല്യമായ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്. തുക സ്വീകരിക്കുന്ന ആളില്‍ നിന്നാകും പിഴ ഈടാക്കുകയെന്നും വകുപ്പ് അറിയിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കൈമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ blackmoney@incometax.gov.in എന്ന ഇ- മെയിലില്‍ വിവരം അറിയിക്കാവുന്നതാണ്.

ഏപ്രില്‍ 1 മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ടിടപാടുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപാടുകള്‍ ഒരു ദിവസം നടക്കുന്നതോ, ഒരു പ്രത്യേക ഇടപാടിനായോ, വ്യക്തിക്കായോ കൈമാറ്റം നടത്തുന്നതോ ആദായ നികുതി വകുപ്പ് തടഞ്ഞിട്ടുണ്ട്.

2017-2018 ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മൂന്ന് ലക്ഷം രൂപക്ക് മുകളിലുള്ള നോട്ട് കൈമാറ്റം നിരോധിച്ചത്. തുടര്‍ന്ന് ധനകാര്യ ബില്ലില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് ലോക്സഭ പരിധി രണ്ട് ലക്ഷമായി കുറച്ചത്.

എന്നാല്‍ സര്‍ക്കാര്‍, ബാങ്കിങ് കമ്പനികള്‍, പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് നിയന്തണം ബാധകമല്ല.