രാത്രിയിൽ ബസില്ല; കോരുത്തോട് റൂട്ടിൽ യാത്രക്കാർ വലയുന്നു

കോരുത്തോട്∙ ബസുകൾ ആവശ്യത്തിലധികവും ടൗണിൽ കാണും പക്ഷേ, ഏഴു മണിക്ക് ശേഷം മുണ്ടക്കയം ടൗണിലെത്തണമെങ്കിൽ യാത്രക്കാർക്ക് ടാക്സി വാഹനങ്ങൾ തന്നെ ശരണം. പകൽ ചില നേരത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും ഒരേ സമയത്ത് തൊട്ടുപിന്നാലെ സർവീസ് നടത്തുന്ന റൂട്ടിൽ കോരുത്തോടുകാർക്ക് രാത്രിയിൽ യാത്രാമാർഗമില്ലാതായിട്ട് നാളുകളാകുന്നു. കോരുത്തോട് കുഴിമാവ് റൂട്ടിൽ അഞ്ചു മിനിറ്റ് ഇടവിട്ട് പകൽ സമയങ്ങളിൽ ഒട്ടേറെ ബസുകളാണ് സർവീസ് നടത്തുന്നത്.

ചില പ്രൈവറ്റ് ബസുകളും കെഎസ്ആർടിസി ബസുകളും ഒരേ സമയത്തും സർവീസ് നടത്തുന്നുണ്ട്. എന്നാൽ രാത്രി 6.45ന് കോരുത്തോട് ടൗണിൽ നിന്നു മുണ്ടക്കയത്തേക്കുള്ള ബസ് പോയിക്കഴിഞ്ഞാൽ പിന്നെ ടാക്സി വാഹനങ്ങളെ ആശ്രയിച്ച് വേണം യാത്രക്കാർക്ക് മുണ്ടക്കയത്ത് എത്തുവാൻ. കോരുത്തോട് വരെ 14 കിലോമീറ്ററാണ് ഉള്ളത്. ഇവിടെ നിന്നു നാലു കിലോമീറ്റർ സഞ്ചരിച്ച് വേണം കുഴിമാവിൽ എത്താൻ. മുണ്ടക്കയത്ത് എത്താൻ രാത്രികാലങ്ങളിൽ 200 മുതൽ 300 വരെ രൂപ മുടക്കണം എന്ന് പ്രദേശവാസികൾ പറയുന്നു. മുൻപ് രാത്രി 7.45 വരെ തിരികെ ബസ് സർവീസ് ഉണ്ടായിരുന്നു.

എന്നാൽ പിന്നീട് 6.45 ന് ശേഷം സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസും കെഎസ്ആർടിസിയും നിർത്തിയതാണ് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയത്. രാത്രികാലങ്ങളിൽ കോരുത്തോട് കുഴിമാവ് പ്രദേശത്തേക്ക് സർവീസ് നടത്തുന്ന ബസുകൾ രാവിലെയാണ് തിരികെ പോരുന്നത്. യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കുവാൻ വൈകിട്ട് ഏഴുമണിക്ക് ശേഷം ഒൻപതു മണി വരെയെങ്കിലും പുതിയ പെർമിറ്റ് നൽകണം എന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. സ്വകാര്യ ബസുകൾ പലതും സർവീസ് നടത്തുവാൻ തയാറാണെങ്കിലും പെർമിറ്റില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ.