രാഷ്ട്രീയയാത്രകൾ എത്തിതുടങ്ങി

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അരങ്ങുണർത്താനുള്ള രാഷ്ട്രീയയാത്രകളുടെ തിരക്കിലാണ് ഈ മാസം ജില്ല.
തിരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറങ്ങും മുൻപ് എല്ലാ മേഖലകളിലും സാന്നിധ്യവും ശക്തിയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ യാത്രയും ജില്ലയിലൂടെ കടന്നുപോകുന്നത്.

പുകസ ജാഥ ഇന്ന്

∙ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന നവകേരള സാംസ്കാരിക യാത്രയുടെ തെക്കൻമേഖലാ ജാഥ ജില്ലയിൽ ഇന്നു മൂന്നിടത്തു പര്യടനം നടത്തും. സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ.കരുൺ ആണു ജാഥാ ക്യാപ്റ്റൻ. 10നു തലയോലപ്പറമ്പ്, രണ്ടിനു കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, വൈകിട്ട് 5നു കറുകച്ചാൽ എന്നിവിടങ്ങളിലാണു സ്വീകരണ സമ്മേളനങ്ങൾ.

ജോസ് കെ. മാണിയുടെ കേരള യാത്ര 8ന് ജില്ലയിൽ

∙ കർഷകരക്ഷ–മതനിരപേക്ഷഭാരതം–പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തി കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി നയിക്കുന്ന കേരള യാത്ര 8നും 9നും ജില്ലയിൽ പര്യടനം നടത്തും. 8നു രാവിലെ മുണ്ടക്കയത്തെത്തുന്ന യാത്രയുടെ ആദ്യദിനം ചങ്ങനാശേരിയിലും വൈക്കത്തു നിന്നാരംഭിക്കുന്ന രണ്ടാംദിന യാത്ര പാലായിലും സമാപിക്കും.

ആര്യാടൻ ഷൗക്കത്തിന്റെ സാംസ്കാരിക യാത്ര 11 ന്

∙ സംസ്കാര സാഹിതി സം സ്ഥാന പ്രസിഡന്റ് ആര്യാടൻ ഷൗക്കത്തിന്റെ സാംസ്കാരിക യാത്ര 11നു ജില്ലയിൽ. ‘ഗോഡ്സേ ഇന്ത്യ മരിക്കട്ടെ, ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ’ എന്ന മുദ്രാവാക്യവുമായാണു യാത്ര നടത്തുന്നത്. 2നു പള്ളിക്കത്തോട്, 3നു ചങ്ങനാശേരി, 4നു കോട്ടയം എന്നിവിടങ്ങളിൽ ജാഥയെത്തും.

ജനമഹായാത്ര 20, 21 തീയതികളിൽ

∙ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര 20,21 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണു കോട്ടയം ജില്ലയിൽ പ്രവേശിക്കുക. 20നു 4ന് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ. 21നു വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലാണു പര്യടനം.

എൽഡിഎഫ് ജാഥ 23 മുതൽ 25 വരെ

∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ ജാഥ 23 മുതൽ 25 വരെ ജില്ലയിൽ പര്യടനം നടത്തും. ആലപ്പുഴയിൽ നിന്നു വൈക്കത്തെത്തുന്ന യാത്ര തുടർന്നുള്ള ദിവസങ്ങളിൽ കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം മേഖലകളിലെത്തും.

ദേശീയ നേതാക്കളെ എത്തിക്കാൻ ബിജെപി

∙ യാത്രകൾ ഒഴിവാക്കി സമ്മേളനങ്ങൾ വഴി നേരിട്ടു ജനങ്ങളിലേക്കെത്തുന്ന എന്ന ശൈലിക്കാണു നിലവിൽ ബിജെപി മുൻതൂക്കം നൽകുന്നത്. പ്രതിരോധമന്ത്രി നിർമല സീതാരാമനോ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങോ ഇരുപതു ദിവസത്തിനുള്ളിൽ കോട്ടയത്തു നടക്കുന്ന പാർലമെന്റ് മണ്ഡലം സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണു ജില്ലാ നേതൃത്വം നൽകുന്ന വിവരം.

‘മേരാ കുടുംബം ബിജെപി കുടുംബം’ എന്ന പേരിലുള്ള ഗൃഹസന്ദർശനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ബിജെപി കുടുംബങ്ങളായി മാറുന്നവർ വീടിനു മുന്നിൽ ബിജെപി പതാക ഉയർത്തുകയും സ്റ്റിക്കർ പതിക്കുകയും ചെയ്യണമെന്നാണു നി‍ർദേശം.