രോഗ ലക്ഷണമില്ലാത്ത കോവിഡ് രോഗികള്‍ക്ക് ഇനി വീട്ടില്‍ തന്നെ ചികിത്സ: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി


സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.

ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗികളായ ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ ചികിത്സിക്കുക. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ രേഖാമൂലം അപേക്ഷ നല്‍കണം. രോഗം സ്ഥിരീകരിച്ച് പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തും. പരിശോധനയില്‍ നെഗറ്റീവായാലും ഒരാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ തുടരണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നാല്‍ തൊട്ടടുത്ത് ചികിത്സാ കേന്ദ്രങ്ങളുണ്ടെങ്കില്‍ രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ തന്നെ ചികിത്സിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്.