രോ​ഗീ​സം​ഗ​മം നടന്നു

കാഞ്ഞിരപ്പള്ളി: അവരൊത്ത് കൂടി… ഒറ്റപ്പെട്ട്, മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ തള്ളി നീക്കാനുള്ളതല്ല തങ്ങളുടെ ജീവിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച്… പരസ്പരം പരിചയപ്പെട്ട്, പാട്ടുപാടി, അനുഭവങ്ങൾ പങ്ക് വെച്ച്..ഗ്രാമപഞ്ചായത്ത് പാലീയേറ്റീവ് പരിചരണ വിഭാഗത്തിന്റെയും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ സ്വരുമ, ദയ, അഭയം തുടങ്ങിയ വിവിധ പാലീയേറ്റീവ് -സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കിടപ്പ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ രോഗീസംഗമം പങ്കെടുത്ത ഏവർക്കും വിലപ്പെട്ട അനുഭവമായി.

വാഹനപകടത്തിൽ അരയ്ക്ക് താഴെ തളർന്ന് ജീവിതം വീൽചെയറിലായിട്ടും തളരാതെ ,വൈകല്യങ്ങളെ അതിജീവിച്ച് രണ്ട് തവണ രാഷ്ട്രപതിയുടെ പുരസ്കാരമടക്കം നേടിയ ബിജു വർഗീസിന്റെ അനുഭവസാക്ഷ്യം ചടങ്ങിൽ പങ്കെടുത്തവർക്ക് ആവേശമായി.

ടൗൺ ഹാളിൽ നടന്ന പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റോസമ്മ വെട്ടിത്താനം അദ്ധ്യക്ഷയായി.ബിജു വർഗീസ് മണിപ്പുഴ ചടങ്ങിൽ മുഖ്യാഥിതിയായി.വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ വിദ്യാ രാജേഷ്, പഞ്ചായത്തംഗങ്ങളായ മേഴ്സി മാത്യൂ, കുഞ്ഞുമോൾ ജോസ്, സജിൻ വട്ടപ്പള്ളി,നസീമാഹാരീസ്,ഷീലാ തോമസ്, ജോഷി അഞ്ചനാട്ട്, ജാൻസി ജോർജ്, ബീനാ ജോബി,മണി രാജു, സ്വരുമ പാലീയേറ്റീവ് സൊസൈറ്റി സെക്രട്ടറി സ്കറിയ ഞാവള്ളി, ദയ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഒഎസ് അബ്ദുൾ കരീം, അഭയം പാലിയേറ്റിവ് ലോക്കൽ ചെയർമാൻ ഷമീം അഹമ്മദ്, എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ എം.എ.റിബിൻ ഷാ സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷ് കൃതഞ്ജതയും പറഞ്ഞു.

സ്വാന്തന പരിചരണ രംഗത്ത് സേവനനിരതരായ സന്നദ്ധ പ്രവർത്തകരായ ഷാന്റി സിസ്റ്റർ, മനോജ് കുമാർ എന്നിവരെയും, ബിജു വർഗീസിനെയും ചടങ്ങിൽ ആദരിച്ചു.സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളെപ്പറ്റി ഐസിഡിഎസ് സൂപ്പർവൈസർ ഗീത പി.കെ ക്ലാസ് നയിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ.മെർലിൻ (അലോപ്പതി ) ഡോ: ശാലിനി ( ആയൂർവേദം), ഡോ.അഞ്ജന (ഹോമിയോ) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കലാപരിപാടികൾ, ഫുഡ് കിറ്റ് വിതരണം തുടങ്ങിയവയും രോഗീ സംഗമത്തിന്റെ ഭാഗമായി നടന്നു.