റംസാൻ കാലത്ത് കോഴിവില കുത്തനെ മുകളിലേക്ക് ; ലോക് ഡൗണിന് മുൻപ് കോഴിവില 40 രൂപ, ഇപ്പോൾ വില 150 രൂപ


കാഞ്ഞിരപ്പള്ളി : കോഴിവില കുത്തനെ മുകളിലേക്ക്. വിൽപന ഉയർന്നതും കോഴിയുടെ ലഭ്യത കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി.
തമിഴ്‌നാട്ടിൽനിന്ന് പോത്തിനെ കൊണ്ടുവരുന്നത് കുറഞ്ഞതിനാൽ പോത്തിറച്ചിയുടെ ലഭ്യത കുറഞ്ഞതും കോഴിക്ക് വില കൂടാൻ കാരണമായി.
ഒപ്പം മീനിന്റെ ലഭ്യത കുറഞ്ഞതും കോഴി വിൽപന ഉയർത്തി. തമിഴ്‌നാട്ടിൽനിന്നു കോഴിയെത്താത്തതിനാൽ ചെറുകിട കോഴിഫാമുകളും നിലച്ചനിലയിലാണ്.

ലോക് ഡൗണിന് മുൻപ് കോഴിവില 40 വരെയെത്തിയിരുന്നു. ഇ സമയത്ത് ഫാമുകളിൽനിന്ന് കർഷകർ നഷ്ടത്തിലാണ് കോഴികളെ വിറ്റിരുന്നത്. കോഴിത്തീറ്റ ലഭിക്കാത്തതും ഫാമുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

കോഴിവില കുത്തനെ കൂടിയതോടെ ദുരിതത്തിലാകുന്നത് ഉപഭോക്താക്കൾ മാത്രമല്ല ചെറുകിട കച്ചവടക്കാർ കൂടിയാകുന്നു. വില കുത്തനെ വർധിച്ചതോടെ വ്യാപാരത്തിൽ നേരിട്ട മന്ദഗതിയാണ് കച്ചവടക്കാരെ കാര്യമായി ബാധിക്കുന്നത്. നോമ്പുകാലമായിട്ടുപോലും വിലവർധനമൂലം കോഴിയിറച്ചി വാങ്ങാനെത്തുന്നവർ കുറയുന്നു. ഇതുകാരണം അനേകം ചെറുകിട കച്ചവടക്കാർ വിട്ടുനിൽക്കുന്നത് ഒരേസമയം ഉപഭോക്താക്കളേയും വലയ്ക്കുന്നു.

ലോക്ഡൗണിന് തൊട്ട് മുന്പ് പക്ഷിപ്പനിയെന്ന പ്രചാരണം മൂലം കോഴിയിറച്ചി വില 40 രൂപയിൽ എത്തിനിന്നിരുന്നു. മുട്ടവില മൂന്നര രൂപയുമായിരുന്നു. എന്നാൽ നിലവിൽ കോഴിയിറച്ചി വില 150 രൂപ വരെയായി ഉയർന്നിരിക്കുകയാണ്. പലയിടങ്ങളിലും വ്യത്യസ്തമായ വിലയാണ് ഈടാക്കുന്നതെന്ന പരാതിയുണ്ട്. ഒരു പഞ്ചായത്തിലെ തന്നെ പലകടകളിലും പലവിലയാണ്.