റബര്‍: രാജ്യാന്തരവിപണിയില്‍ വില കയറുന്നു; രാജ്യത്ത്‌ ഇറങ്ങുന്നു


രാജ്യാന്തരവിലയില്‍ റബര്‍ മുന്നേറ്റം തുടരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ വില്ലനായി ടയര്‍ കമ്പനികള്‍. ആഭ്യന്തര വിപണിയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് 142 രൂപവരെ ഉയര്‍ത്തി വാങ്ങിയ ടയര്‍ കമ്പനികള്‍ വാരാന്ത്യം ചുവടുമാറ്റി. ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് എട്ട്‌ രൂപ കുറച്ചു. രാജ്യാന്തര വിപണിയില്‍ ടോക്കിയോ മാര്‍ക്കറ്റില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 153 രൂപവരെ ഉയര്‍ന്നശേഷം 138 രൂപയായി വിലകുറഞ്ഞു. 


ബാങ്കോക്കില്‍ 154 വരെ വില ഉയര്‍ന്നശേഷം 148 രൂപയായി കുറഞ്ഞു. ഈ വിലയിറക്കം കണ്ടാണ്‌ ടയര്‍ കമ്പനികള്‍ മുതലെടുത്തത്‌. ഒരു ലോഡ്‌ റബറിന്‌ ടയര്‍ കമ്പനികള്‍ക്ക്‌ കൈവിടാതെ കിട്ടിയത്‌ എട്ടുലക്ഷം രൂപവരെയെന്ന്‌ വ്യാപാരികള്‍. വില കൂടുന്നതുകണ്ട്‌ വില്‍പനക്ക്‌ റബര്‍ വരവ്‌ കൂടി. ഉത്തരേന്ത്യയിലെ ചെറുകിട വ്യാപാരികള്‍ക്കായി ആയിരം ടണ്‍ റബ റിന്റെ വ്യാപാരം നടന്നു. 
വന്‍കിട ടയര്‍ കമ്പനികള്‍ക്കുവേണ്ടി വിതരണക്കാര്‍ മൂവായിരം ടണ്‍ റബര്‍ വാങ്ങി. ചൈനയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 115 രൂപയില്‍ മാറ്റമില്ല. ടോക്കിയോ മാര്‍ക്കറ്റില്‍ 130 രൂപയില്‍ വിറ്റുനിര്‍ത്തിയ ആര്‍.എസ്‌.എസ്‌. നാല്‌ വാരാന്ത്യം 138 രൂപയായും ബാങ്കോക്കില്‍ 142 ല്‍ വിറ്റുനിര്‍ത്തിയത്‌ വാരാന്ത്യം 148 രൂപയായും കൂടി. 
ആഭ്യന്തര വിപണിയില്‍ 136 ല്‍ വിറ്റുനിര്‍ത്തിയത്‌ 134 രൂപയായി കുറഞ്ഞു. റബര്‍ ഐ.എസ്‌.എസ്‌. 134 ല്‍ നിന്ന്‌ 130 രൂപയായി കുറഞ്ഞു. റബര്‍ ആര്‍.എസ്‌.എസ്‌. ക്വിന്റലിന്‌ 13400 രൂപയായി കുറഞ്ഞതോടെ അവധിക്കച്ചവടക്കാര്‍ വരുംദിവസങ്ങളിലേക്ക്‌ ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 13800 രൂപവരെ ഉയര്‍ത്തി.