റബ്ബർമരം വെട്ടിക്കളയൽ; പി.സി. ജോർജ് പറഞ്ഞത് വസ്തുതയാണോ ? കേരളം ചർച്ച ചെയ്യുന്നു..

റബ്ബർമരം മുഴുവൻ വെട്ടിക്കളയണമെന്ന പി.സി. ജോർജ് എം.എൽ.എ.യുടെ നിയമസഭയിലെ വാദത്തിന് വസ്തുതകളുടെ പിൻബലമില്ല. ഇറക്കുമതി മാത്രം ആശ്രയിച്ച് രാജ്യത്തിന് റബ്ബർ ആവശ്യങ്ങൾ നിറവേറ്റാനുമാവില്ല. മാത്രമല്ല, കേരളത്തിൽ മാത്രം പത്തു ലക്ഷത്തോളം റബ്ബർ കർഷകരെ ബാധിക്കുന്ന വിഷയവുമാണിത്.

ഇന്ത്യയിലെ ബിസിനസ് 60,000-80,000 കോടി

ഇന്ത്യയിൽ പ്രതിവർഷം 6000-8000 കോടി രൂപയുടെ പ്രകൃതിദത്ത റബ്ബർ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ 85 ശതമാനവും കേരളത്തിലാണ്. ഇതിന്റെ പത്ത് മടങ്ങ്, അതായത് 60,000-80,000 കോടിയുടെ മൂല്യവർധനയാണ് രാജ്യത്ത് നടക്കുന്നത്. എന്നാൽ കേരളത്തിൽ വൻകിട ടയർ കമ്പനികൾ ഇല്ലാത്തതിനാൽ മൂല്യവർധന കൂടുതലും സംസ്ഥാനത്തിന് പുറത്താണ്. ഇത്ര വലിയ ബിസിനസ് നടക്കുന്ന വ്യവസായമാണ് റബ്ബറിനുള്ളത്.

ഇറക്കുമതിയെ മാത്രം ആശ്രയിക്കാനാകില്ല

ഇറക്കുമതിയെ മാത്രം ആശ്രയിച്ച് ഈ വ്യവസായത്തിന് മുന്നോട്ടു പോകാനാകില്ല. കാരണം പ്രകൃതിദത്ത റബ്ബറിന് പൂർണമായും പകരമാകാൻ കൃത്രിമ (സിന്തറ്റിക്) റബ്ബറിന് കഴിയില്ല. പെട്രോളിയത്തിന്റെ ഉപോത്പന്നങ്ങളിൽനിന്നാണ് സിന്തറ്റിക് റബ്ബർ ഉണ്ടാക്കുന്നത്. അതിനാൽ ഇത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതാണ്. മാത്രമല്ല, മറ്റേതെങ്കിലും രാജ്യത്തെ മാത്രം ആശ്രയിച്ച് റബ്ബർ വ്യവസായത്തിന് മുന്നോട്ടു പോകാനാകില്ല. മൂന്ന് കാരണങ്ങളാണ് ഇതിനുള്ളത്. 1. ടയർ കയറ്റുമതി ചെയ്യാനാണ് ഇപ്പോൾ പല രാജ്യങ്ങൾക്കും താത്‌പര്യം. 2. ഭാവിയിൽ എന്തെങ്കിലും വ്യാപാരയുദ്ധം വന്നാൽ റബ്ബർ കിട്ടാതെ വരാം. 3. വില അവർ തീരുമാനിക്കും. വിമാനങ്ങളുടെ ടയർ പൂർണമായും പ്രകൃതിദത്ത റബ്ബർ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതെന്ന് കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജയിംസ് ജേക്കബ്‌ പറഞ്ഞു. ഇന്ത്യയിൽ പാസഞ്ചർ കാറുകളിൽ 40 ശതമാനമാണ് പ്രകൃതിദത്ത റബ്ബറും സിന്തറ്റിക് റബ്ബറും ചേർന്ന് ഉണ്ടാവുക. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ പാസഞ്ചർ കാറുകളിൽ നൂറു ശതമാനവും സിന്തറ്റിക് റബ്ബറാണ്. പ്രകൃതിദത്ത റബ്ബറിന്റെ പ്രാധാന്യം കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം ഇതിനെ നിർണായക അസംസ്‌കൃത വസ്തുവായി പ്രഖ്യാപിച്ചിരുന്നു. അപ്പോഴാണ് കേരളത്തിൽ ഇത് വെട്ടിക്കളയാൻ ആഹ്വാനമുണ്ടാകുന്നത്.

എന്താണ് സബ്‌സിഡി

വിലത്തകർച്ചയുണ്ടായപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതി. കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്നു. വിപണിയിലെ വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം എത്രയാണോ അത് സർക്കാർ നൽകും. ഈ സബ്‌സിഡി ഒരു കർഷകനും നൽകരുതെന്നാണ് പി.സി. ജോർജ് എം.എൽ.എ. നിയമസഭയിൽ ആവശ്യപ്പെട്ടത്.

എന്താണ് ഭാവി

ഇപ്പോഴത്തെ വിലത്തകർച്ചയ്ക്ക് 2022-ഓടെ മാറ്റം വന്നു തുടങ്ങുമെന്നാണ് റബ്ബറുത്പാദക രാജ്യങ്ങളുടെ അസോസിയേഷനിലെ സീനിയർ ഇക്കണോമിസ്റ്റായ ജോം ജേക്കബ്ബിന്റെ അഭിപ്രായം. റബ്ബർ വില പ്രവചിക്കുന്നതിൽ വിദഗ്ദ്ധനായ ഡോ. ഹിഡെ സ്മിത്ത് പറയുന്നത് 2025-നു ശേഷം നല്ല കാലമാണെന്നാണ്.