റബ്ബർ ഉപയോഗിച്ച് റോഡ് നിർമാണം: കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് മന്ത്രി കണ്ണന്താനം

റബർ കർഷകരുടെ പരാതികൾ കേന്ദ്ര വാണിജ്യമന്ത്രിയെ അറിയിക്കുമെന്നും കേന്ദ്രസഹായം എത്തിക്കുമെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിൽ റബർ ഉൽപദാക സൊസൈറ്റി പ്രതിനിധികളുമായും കർഷക പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണു കേന്ദ്രമന്ത്രി ഇതു പറഞ്ഞത്.

റബർ ഇറക്കുമതി തടയുക, ഇറക്കുമതി ചുങ്കം ഇനിയും കൂട്ടുക എന്നൊക്കെയുള്ള ആവശ്യം പ്രസംഗിക്കാൻ മാത്രമെ കൊള്ളാവൂ എന്നും പ്രായോഗികമല്ലെന്നും പറഞ്ഞാണ് കണ്ണന്താനം ചർച്ചയ്ക്കു തുടക്കമിട്ടത്. റബർ മേഖല തകർന്നാൽ കേരളം തളരുമെന്ന് അറിയാമെന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. റബർ മേഖല തൊഴിലുറപ്പു പദ്ധതിയിലും റബർ ഉപയോഗിച്ചുള്ള റോഡ് നിർമാണം പ്രധാനമന്ത്രി സഡക് യോജനയിലും ഉൾപ്പെടുത്താൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തും.

റബർ കർഷകരുമായുള്ള ചർച്ചയ്ക്കു മുന്നോടിയായി കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനെ കണ്ടെന്നും അദ്ദേഹത്തിന്റെ നി‍ർദേശപ്രകാരമാണ് ഈ കൂടിക്കാഴ്ചയെന്നും കണ്ണന്താനം പറഞ്ഞു. വനംവകുപ്പിന്റെ കീഴിൽ നിന്ന് തോട്ടംമേഖല ഒഴിവാക്കണമെന്ന ആവശ്യം തോട്ടം പ്രതിനിധികൾ മുന്നോട്ടുവച്ചു. റബർ മേഖല ഫാം ടൂറിസത്തിൽ പെടുത്തണമെന്നും ആവശ്യമുയർന്നു.

റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.അജിത്കുമാർ, സെക്രട്ടറി ഇൻ ചാർജ് എൻ.രാജഗോപാൽ, റബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ജയിംസ് േജക്കബ് എന്നിവർ പ്രസംഗിച്ചു. കർഷകരെക്കൂടാതെ യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസ്സോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി), അസ്സോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് കേരള, നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്, റബർകർഷക സംരക്ഷണ സമിതി തുടങ്ങിയവയുടെ പ്രതിനിധികളും റബർ ബോർഡ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.