റബ്ബർ കർഷക രക്ഷാമാർച്ച് സംഘടിപ്പിച്ചു

മണിമല: എക്സിക്യുട്ടീവ് അധികാരം എടുത്തുകളഞ്ഞ് റബ്ബർ ബോർഡിനെ കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കിയെന്ന് ആന്റോ ആന്റണി എം.പി. ആരോപിച്ചു. റബ്ബർ വിലയിടിവിനെതിരേ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതാ സമിതി നടത്തുന്ന കർഷക രക്ഷാമാർച്ചിന്റെ പൊതുസമ്മേളനം പൊന്തൻപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബ്ബർ കർഷകരുടെ ആശ്രയമായിരുന്ന റബ്ബർ ബോർഡിനെ വ്യവസായികളുടെ രക്ഷാകവചമാക്കി മാറ്റി. റബ്ബറിനെ സംബന്ധിച്ച തീരുമാനം കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരാണ് ഇപ്പോൾ നിയന്ത്രിക്കുന്നത്. റബ്ബർ കർഷകർക്ക് നഷ്ടം സംഭവിക്കുമ്പോൾ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ വൻ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതാ പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷനായിരുന്നു. ഫാ.ഫിലിപ്പ് തയ്യിൽ, രാജേഷ് ജോൺ, ഫാ.ജോസ് മുകളേൽ, പി.ജി.പ്രകാശ്, ഫാ.ജോസ് കട്ടപ്പുറം, ബിജു സെബാസ്റ്റ്യൻ, ഷേർലി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

കരിമ്പനക്കുളത്തുനിന്ന് പൊന്തൻപുഴയിലേക്ക് റാലി നടത്തി. വെള്ളിയാഴ്ച രാവിലെ ഏഴിന് മണിമല ചന്തക്കവലയിൽനിന്നു ആരംഭിക്കുന്ന റാലിയിൽ മണിമല, നെടുംകുന്നം, കുറുമ്പനാടം ഫൊറോനകളിലെ അംഗങ്ങൾ പങ്കെടുക്കും. പദയാത്ര വൈകീട്ട് അഞ്ചിന് കോട്ടയത്ത് സമാപിക്കും.