റബർ കർഷകരെ ദുരിതത്തിലാക്കി മഴ

പൊൻകുന്നം∙ കാലം തെറ്റി പെയ്യുന്ന മഴ റബർ കർഷകരെ ദുരിതത്തിലാക്കുന്നു. കാലവർഷത്തിനുശേഷം 10 ദിവസം മാത്രമാണു സാധാരണനിലയിൽ ടാപ്പിങ് നടന്നതെന്നു കർഷകർ. വേനൽമഴയുടെ തുടർച്ചയായി കാലവർഷം തുടങ്ങിയതോടെ മേഖലയിലെ ഒട്ടുമിക്ക ചെറുകിട റബർ കർഷകർക്കും റെയിൻഗാർഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഴ തുടരുന്നതിനാൽ റബർ തോട്ടങ്ങളിൽ കളകൾ വേഗത്തിൽ വളരുകയാണെന്നു കർഷകർ പറയുന്നു.

കാലവർഷം കെട്ടടങ്ങിയതോടെ പുനരാരംഭിച്ച ടാപ്പിങ് ജോലികൾ വീണ്ടും മഴയെത്തിയതോടെ മുടങ്ങി. മെച്ചപ്പെട്ട ആദായം ലഭിച്ചുകൊണ്ടിരുന്നപ്പോഴാണു മഴ വില്ലനായി എത്തിയത്. റെയിൻഗാർഡ് ചെയ്ത മരങ്ങളിൽപോലും കനത്ത മഴയിൽ വെള്ളം റബർ പട്ടയിലേക്ക് ഉൗർന്നിറങ്ങുമെന്നതിനാൽ ടാപ്പിങ് നടക്കുന്നില്ല. വെള്ളമിറങ്ങി പട്ടചീയൽ രോഗബാധ വ്യാപകമാണ്. വായ്പയെടുത്തു റബർ മരങ്ങൾ സ്ളോട്ടർ പിടിച്ചവർക്കു മഴ കെണിയൊരുക്കി. ടാപ്പിങ് നടക്കാത്തതിനാൽ പലർക്കും വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെവരുന്നതായി കർഷകർ പറയുന്നു.