റബർ ബാൻഡ് ഫാക്‌ടറിക്കെതിരായ സമരം 101 ദിവസം പിന്നിടുന്നു

പൊൻകുന്നം ∙ റബർ ബാൻഡ് ഫാക്‌ടറിക്കെതിരായ സമരം 101 ദിവസം പിന്നിടുന്നു. സമരത്തെത്തുടർന്നു പഞ്ചായത്ത് കമ്മിറ്റി ഫാക്‌ടറിയുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചെങ്കിലും ഉദ്യോഗസ്‌ഥ, രാഷ്ട്രീയ തലത്തിൽ തീരുമാനം അട്ടിമറിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച് നാട്ടുകാർ വായ്‌മൂടിക്കെട്ടി സമരം നടത്തി.

പത്തൊൻപതാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്‌ടറിക്കെതിരെ മാലിന്യപ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് മൂന്നു മാസത്തിലധികമായി നാട്ടുകാർ സമരം നടത്തുന്നത്. ഫാക്ടറിയുടെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയെന്ന ആരോപണത്തെ തുടർന്നായിരുന്നു നാട്ടുകാർ വായ്മൂടിക്കെട്ടി സമരം നടത്തിയത്.

മണിമലയാറിന്റെ പ്രധാന കൈവഴികളിൽ ഒന്നായ വാഴൂർ വലിയതോട്ടിലേക്കു കഴിഞ്ഞ ജനുവരിയിൽ അമോണിയ കലർന്ന മലിനജലം തുറന്നുവിട്ടെന്നും ഇതോടെ കിണറുകളിൽ വെള്ളം പതഞ്ഞും പാടകെട്ടിയും മലിനമായെന്നും പ‌രാതിപ്പെട്ടാണ് ജനങ്ങൾ കർമസമിതി രൂപീകരിച്ചു പ്രക്ഷോഭം ആരംഭിച്ചത്. തോട്ടിലെ വെള്ളം ഉപയോഗശൂന്യമായതോടെ മീനുകൾ ചത്തുപൊങ്ങിയെന്നും വെള്ളത്തിൽ കുളിച്ചവർക്കു ചൊറിച്ചിൽ അനുഭവപ്പെട്ടെന്നും ജനങ്ങൾ പറയുന്നു. ദേശീയപാത ഉപരോധവും, പഞ്ചായത്ത് ഓഫിസിനു മുൻപിലേക്കു മാർച്ചും ധർണയും തുടങ്ങി.

കർമസമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുണ്ടെന്നും മലിനീകരണം നടത്തുന്നില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. ‍ഫാക്ടറിക്കെതിരെ പ്രതിഷേധം ശക്‌തമാക്കുന്നതിനൊപ്പം നിയമനടപടി സ്വീകരിക്കുമെന്നും കർമസമിതി നേതാക്കളായ പി.ആർ.ഭാസി, ജയ്‌സൺ ജേക്കബ്, കെ.ബിനു എന്നിവർ പറഞ്ഞു.