റബർ വില സ്ഥിരത പദ്ധതിയിലേക്ക് പുതിയ റജിസ്ട്രേഷൻ

സംസ്ഥാന സർക്കാരിന്റെ റബർ വില സ്ഥിരത പദ്ധതിയിലേക്കു (റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീം) പുതിയ റജിസ്ട്രേഷൻ ആരംഭിച്ചു. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്കും സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പദ്ധതിയുടെ അഞ്ചാം ഘട്ടം ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. അഞ്ചാം ഘട്ടത്തിൽ റജിസ്റ്റർ ചെയ്യുന്നവരുടെ 2019 ജൂലൈ 1 മുതലുള്ള ബില്ലുകളാണ് സബ്സിഡിക്കായി പരിഗണിക്കുന്നത്.

മുൻപ് റജിസ്റ്റർ ചെയ്തവർ 2019-20 വർഷത്തെ ഭൂനികുതി രസീത് റബർ ഉൽപാദക സഹകരണ സംഘത്തിൽ നൽകി റജിസ്ട്രേഷൻ പുതുക്കണം. പുതുക്കിയാൽ മാത്രമേ സബ്സിഡി ലഭിക്കൂ. ഓരോ ദിവസവും റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകനു ധനസഹായമായി നൽകുന്ന പദ്ധതി 2015 ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. കർഷകന് കിലോയ്ക്ക് 150 രൂപയെങ്കിലും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. വില സ്ഥിര പദ്ധതി അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും കുറവിലങ്ങാട് ഉൾപ്പെടെയുള്ള മേഖലകളിൽ റബർ കർഷകരുടെ എണ്ണം കുറയുകയാണ്.

വിലയിലെ ചാഞ്ചാട്ടവും ഉൽപാദന ചെലവ് വർധനയുമാണു കർഷകരെ റബർ കൃഷിയിൽ നിന്ന് അകറ്റുന്ന ഘടകങ്ങൾ. ടാപ്പിങ്ങിനു തൊഴിലാളികളെ നിയോഗിച്ചാൽ ചെലവ് വർധിക്കും. ഒരു ഏക്കറിൽ പരമാവധി നട്ടു വളർത്താവുന്നത് 170 മുതൽ 200 വരെ മരങ്ങളാണ്. 7 വർഷം വരുമാനമില്ല. കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ മൂലം ഓരോ വർഷവും 20 എണ്ണമെങ്കിലും നശിക്കും. ഇതിനു പകരം പുതിയ തൈ വാങ്ങി വയ്ക്കുമ്പോൾ ചെലവ് പിന്നെയും വർധിക്കുന്നു. ടാപ്പിങ് ആരംഭിച്ചാൽ കാലാവസ്ഥ അനുകൂലമെങ്കിൽ 5 മാസം ടാപ്പിങ് നടത്താം. 10 മരത്തിനു ഒരു ഷീറ്റ് എന്നു കണക്കാക്കിയാൽ ഒരു ഏക്കറിൽ നിന്നു 15 ഷീറ്റ് വരെ ലഭിക്കാം.

റബറിന്റെ വളപ്രയോഗം, ചുവട് നന്നാക്കൽ, ടാപ്പിങ് കൂലി തുടങ്ങിയവയൊക്കെ കണക്കാക്കിയാൽ വരുമാനത്തിന്റെ അളവ് കുറവാണെന്നു കർഷകർ പറയുന്നു. റബറിന് പകരം ഒരു ഏക്കർ ഭൂമിയിൽ ഇഞ്ചി, മഞ്ഞൾ, ഏത്തവാഴ, പച്ചക്കറികൾ തുടങ്ങിയവ ശാസ്ത്രീയമായി കൃഷി ചെയ്താൽ വിഷാംശം കുറഞ്ഞ പച്ചക്കറികൾ ഉപയോഗിക്കാനും ഭേദപ്പെട്ട വരുമാനം നേടാനും കഴിയുമെന്ന് കർഷകർ പറയുന്നു. കൈത കൃഷിക്കു പാട്ടത്തിനു കൊടുത്താൽ വരുമാനത്തിൽ ഗണ്യമായ വർധനയുണ്ടാകും.