റയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ അടിയന്തിര നടപടി ; ആന്‍റൊ ആന്‍റണി

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാര പ്രദമായിരുന്ന റയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന്‌ ആന്‍റൊ ആന്‍റണി എം.പി.

പ്രതിദിനം നൂറ്‌ കണക്കിന്‌ യാത്രക്കാര്‍ ടിക്കറ്റിനായി ആശ്രയിക്കുന്ന റിസര്‍വേഷന്‍ കൗണ്ടര്‍ വീണ്ടും തുറക്കുന്നതിന്‌ റെയില്‍വേ ഡിവിഷണല്‍ മാനേജരുമായി ബന്ധപ്പെടുമെന്നും എം.പി പറഞ്ഞു.

പ്രദേശത്തെ അക്ഷയ സെന്‍ററിന്‍റെ ഉടമസ്‌ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാപനം റെയില്‍വേ വിജിലന്‍സ്‌ വിഭാഗം പണമിടപാടുകളില്‍ ക്രമക്കേട്‌ കണ്ടെത്തിയതോടെയാണ്‌ അടച്ചുപൂട്ടിയത്‌. ടിക്കറ്റു വില്‍പന നടത്തിയ വകയില്‍ കണ്ടെത്തിയ കുടിശ്ശിക തുക അക്ഷയ സെന്‍റര്‍ ഉടമ റയില്‍വേയില്‍ പിന്നീട്‌ അടച്ചു തീര്‍ത്തിരുന്നെങ്കിലും നിലവില്‍ റെയില്‍വേ നേരിട്ട്‌ റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ദിവസേന 60000 മുതല്‍ ഒരു ലക്ഷം രൂപ വരെ റിസര്‍വേഷന്‍ ഇനത്തില്‍ വരുമാനമുള്ള സ്‌ഥാപനത്തിന്‍റെ നടത്തിപ്പ്‌ ചുമതലയില്‍ നിന്നും ഇടനില സഥാപനങ്ങളെയും താല്‍ക്കാലിക ജീവനക്കാരെയും ഒഴിവാക്കി റെയില്‍വേ ജീവനക്കാരെ ഉപയോഗിച്ച്‌ റിസര്‍വേഷന്‍ കൗണ്ടര്‍ നടത്തുന്നതിനാണ്‌ പ്രഥമ പരിഗണന.

ആന്‍റോ ആന്‍റണി എം പിയുടെ ശ്രമഫലമായി 2011 ലാണ്‌ കാഞ്ഞിരപ്പള്ളിയില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ റയില്‍വേ ആംരഭിച്ചത്‌. സ്‌ഥാപനം അടച്ചുപൂട്ടിയതോടെ ഹൈറേഞ്ച്‌ മേഖലയില്‍ നിന്നും, കാഞ്ഞിരപ്പള്ളി ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ നിന്നുമായി ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി വീണ്ടും കോട്ടയത്ത്‌ എത്തേണ്ട അവസ്‌ഥയിലാണ്‌ യാത്രക്കാര്‍. അടച്ചുപൂട്ടിയ റയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തിരമായി തുറക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ സംഘടനകളും രംഗത്ത്‌ വന്നിട്ടുണ്ട്‌.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)