റെക്കോഡുകളുടെ തമ്പുരാന്‍

11Fir14-15.qxp
ക്രിക്കറ്റ്‌ ഒരു മതമാണെങ്കില്‍ സച്ചിനെ അതിന്റെ ദൈവമെന്ന്‌ വിളിക്കാം. ഇന്ത്യയിലെ ഈ ചൊല്ല്‌ സത്യമാണെന്ന്‌ തെളിയിക്കുന്നതാണ്‌ സച്ചിന്‍ എന്ന കുറിയ മനുഷ്യന്‍

30 വര്‍ഷം ദീര്‍ഘവൃത്ത മൈതാനത്ത്‌ അവശേഷിപ്പിച്ചതെല്ലാം. മികവ്‌ കൊണ്ട്‌ പ്രായത്തെ മറികടന്ന അദ്ദേഹം മൂന്ന്‌ പതിറ്റാണ്ട്‌ ലോകത്തുടനീളമുള്ള ക്രിക്കറ്റ്‌ കളങ്ങളില്‍ ആരാധകരെ ത്രസിപ്പിച്ച്‌ മുന്നേറുകയായിരുന്നു. രക്‌തത്തിലും ശ്വാസത്തിലും ക്രിക്കറ്റ്‌ കലര്‍ന്നിട്ടുള്ള സച്ചിന്‍ പേരിലാക്കിയ റെക്കോഡുകള്‍ക്ക്‌ കണക്കില്ല.

അന്താരാഷ്‌ട്ര ആഭ്യന്തര മല്‍സരങ്ങളിലെല്ലാം സച്ചിന്‍ കളിക്കുന്നുണ്ടെങ്കില്‍ സ്‌റ്റേഡിയം നിറയുമെന്നതാണ്‌ കണക്ക്‌. മല്‍സരങ്ങള്‍, റണ്‍സ്‌, സെഞ്ച്വറി, അര്‍ദ്ധ സെഞ്ച്വറി തുടങ്ങി ക്രിക്കറ്റ്‌ പിച്ചിലെ ഒട്ടുമിക്ക കാര്യങ്ങളിലും ‘ഏറ്റവും കൂടുതല്‍’ എന്ന്‌ വിശേഷിപ്പിക്കാവുന്ന സച്ചിന്‍ വെസ്‌റ്റിന്‍ഡീസ്‌ ഇന്ത്യയില്‍ രണ്ടാം ടെസ്‌റ്റ് കളിക്കുന്നതോടെ 200 ടെസ്‌റ്റുകളാണ്‌ പൂര്‍ത്തിയാക്കുക. 463 മല്‍സരങ്ങള്‍ക്ക്‌ ശേഷം ഏകദിനം അവസാനിപ്പിച്ച സച്ചിന്‍ ക്രിക്കറ്റിനോടുള്ള പ്രണയം മൂലം 40 ാം വയസ്സിലും ടെസ്‌റ്റില്‍ തുടരുകയായിരുന്നു.

ഇന്ത്യാക്കാരെ മറ്റൊരു കായികവിനോദത്തിലേക്കും കൊണ്ടുപോകാതെ ക്രിക്കറ്റില്‍ തളച്ചിട്ടതും അപ്പൂപ്പന്‍മാരെ പോലും ക്രിക്കറ്റ്‌ സ്‌ഥിതിവിവര കണക്കുകള്‍ പഠിപ്പിച്ചതും സച്ചിനായിരുന്നു.സച്ചിനോടുള്ള ഇഷ്‌ടം മൂലം ബൗളര്‍മാര്‍ സ്വതന്ത്രമാക്കുന്ന പന്തുകള്‍ പോലും ബാറ്റിലേക്ക്‌ പോകുന്ന സ്‌ഥിതിയില്‍ നുറാം ശതകവും ഏകദിനത്തിലെ ആദ്യ ഇരട്ട ശതകവും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറിയും സച്ചിന്റെ ബാറ്റില്‍ നിന്നും സമൃദ്ധമായി ഒഴുകി.

ടെസ്‌റ്റില്‍ 198 മത്സരം കളിച്ചിട്ടുണ്ട്‌. 51 സെഞ്ച്വറികളും 67 അര്‍ദ്ധശതകവും നേടി 53.86 ശരാശരിയില്‍ 15,837 റണ്‍സ്‌ നേടി. ബംഗ്‌ളാദേശിനെതിരേ 2004 ല്‍ നേടിയ 248 ആണ്‌ ഉയര്‍ന്ന സ്‌കോര്‍. 45 വിക്കറ്റുകളും പിഴുതു. 2008 ഒകേ്‌ടാബര്‍ 17ന്‌ മൊഹാലിയില്‍ ആസ്‌ത്രേലിയയ്‌ക്കെതിരെ നടന്ന ടെസ്‌റ്റ് മത്സരത്തിന്റെ ആദ്യദിവസം സച്ചിന്‍ ടെസ്‌റ്റ് മത്സരങ്ങളിലെ റണ്‍ വേട്ടയിലും മുന്നിലെത്തി. വെസ്‌റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ്‌ സച്ചിന്‍ തന്റെ പേരിലേക്ക്‌ മാറ്റിയത്‌.

11 ാം വയസ്സില്‍ തുടങ്ങിയ ക്രിക്കറ്റ്‌ സപര്യയില്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം കാലം മുതല്‍ ക്രിക്കറ്റ്‌ റെക്കോഡുകള്‍ സച്ചിന്‌ മുന്നില്‍ നമിച്ചു തുടങ്ങി. സഹപാഠിയും മുന്‍ ഇന്ത്യന്‍ താരവുമായ വിനോദ്‌ കാംബ്ലിയുമൊത്ത്‌ സച്ചിന്‍ 1988ലെ ഹാരിസ്‌ ഷീല്‍ഡ്‌ ഗെയിംസില്‍, 664റണ്‍സ്‌ എന്ന ഒരു റെക്കോര്‍ഡ്‌ കൂട്ടുകെട്ട്‌ ഉണ്ടാക്കുകയുണ്ടായി. 320 റണ്‍സായിരുന്നു ഈ കൂട്ടുകെട്ടില്‍ സച്ചിന്റെ സമ്പാദ്യം. ആ സീരീസില്‍ ആയിരത്തിലധികം റണ്‍സും നേടി. 2006ല്‍ ഹൈദരാബാദുകാരായ 2 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ റണ്‍സ്‌ മറികടക്കുന്നതു വരെ അതൊരു ലോക റെക്കോര്‍ഡ്‌ ആയിരുന്നു. 15 വയസ്‌ പ്രായമുള്ളപ്പോള്‍ സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബോംബെ ടീമിനു വേണ്ടി ഗുജറാത്തിനെതിരെ അരങ്ങേറ്റം കുറിച്ചു.

ആദ്യ മത്സരത്തില്‍ തന്നെ സച്ചിന്‍ 100 റണ്‍സ്‌ നേടി പുറത്താകാതെ നിന്നതോടെ ഫസ്‌റ്റ്ക്ലാസ്സ്‌ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകുമ്പോള്‍ 15 വര്‍ഷം,232 ദിവസം എന്നതായിരുന്നു പ്രായക്കണക്ക്.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ആദ്യമായി നൂറ്‌ ശതകങ്ങള്‍ തികച്ച സച്ചിന്‍ തന്നെയാണ്‌ ഏകദിനത്തിലെ ആദ്യ ഇരട്ടശതകവും കുറിച്ചത്‌. 2012 മാര്‍ച്ച്‌ 16 ന്‌ ധാക്കയിലെ മിര്‍പ്പൂരില്‍ നടന്ന ഏകദിനത്തില്‍ ബംഗ്‌ളാദേശിനെതിരേ നൂറാം ശതകം കുറിച്ച സച്ചിന്‍ 2010 ഫെബ്രുവരി 24 ന്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് ഗ്വാളിയോറില്‍ വെച്ചു പുറത്താവാതെ 200 റണ്‍സ്‌ നേടി ആദ്യമായി 50 ഓവര്‍ മല്‍സരത്തില്‍ ഇരട്ട ശതകവും കുറിച്ചു. 25 ഫോറുകളും 3 സിക്‌സുകളും അടങ്ങുന്നതായിരുന്നു സച്ചിന്റെ പ്രകടനം. ഇതോടെ, സനത്‌ ജയസൂര്യയാണ് പിന്നിലായത്. ഒരു ഏകദിനത്തില്‍ ഏറ്റവും അധികം ഫോറുകള്‍ നേടിയ കളിക്കാരന്‍ എന്ന റെക്കോഡും സച്ചിനൊപ്പം ചേര്‍ന്നു. 50ആം ഓവറിലെ മൂന്നാമത്തെ പന്തിലാണ് അതുവരെ എല്ലാവരും അസാധ്യം എന്ന് കരുതിയിരുന്നു ഈ ലക്ഷ്്യം സച്ചിനെ തേടിയെത്തിയത്. ഇടയ്ക്ക് പാര്‍ടൈം ബൗളറായി പ്രത്യക്ഷപ്പെടാറുള്ള സച്ചിന്‍ ഏകദിനത്തില്‍ 154 വിക്കറ്റുകളും പേരിലുണ്ട്‌. കഴിഞ്ഞ വര്‍ഷം പാകിസ്‌ഥാനെതിരേ മിര്‍പൂരില്‍ മാര്‍ച്ച്‌ 18 നായിരുന്നു അവസാന ഏകദിനം. ഏകദിനത്തില്‍ 463 മല്‍സരങ്ങളില്‍ 44.83 ശരാശരിയില്‍ 18,426 റണ്‍സ്‌ പേരിലുണ്ട്‌. 49 സെഞ്ച്വറികളും 67 അര്‍ദ്ധശതകങ്ങളും കുറിച്ചു.

ഏകദിനത്തില്‍ ഒരു വര്‍ഷം 1000 റണ്‍സ്‌ എന്ന നാഴികക്കല്ല്‌ സച്ചിന്‍ ഏഴ്തവണയാണ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയതിന്റെ റെക്കോര്‍ഡും സച്ചിനാണ്‌. 1894 റണ്‍സ്‌. ടെസ്‌റ്റ് ക്രിക്കറ്റില്‍ 50 ശതകങ്ങള്‍ പന്നിട്ട ഒരേ ഒരു കളിക്കാരന്‍ സച്ചിനാണു.
ദക്ഷിണാഫ്രിക്കക്കെതിരേയായിരുന്നു നേട്ടം. ഹൈദരാബാദില്‍ 2009 നവംബര്‍ 5ന്‌ നടന്ന ഇന്ത്യആസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ 17000 റണ്‍സ്‌ തികച്ച താരമാകാനും സച്ചിനായി.
ലോകകപ്പ്‌ നേട്ടമില്ലാതെ പ്രതിഭ അവസാനിപ്പിക്കേണ്ടി വന്ന യോഹാന്‍ക്രൈഫിനെ പോലെ ആകുമായിരുന്നു സച്ചിന്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം 2011 ല്‍ ധോനിയുടെ നേതൃത്വത്തില്‍ സ്വന്തം മണ്ണില്‍ ലോകകപ്പ്‌ നേടിയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ആഹ്‌ളാദം കൊണ്ടത്‌ സച്ചിന്‌ വേണ്ടിയായിരുന്നു. ലോകകപ്പില്‍ രണ്ടു തവണ ഫൈനല്‍ കളിച്ച സച്ചിന്‍ ലോകകപ്പില്‍ രണ്ടായിരം റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്‌മാനുമായി. മികച്ച പ്രകടനമാണ്‌ ലോകകപ്പുകളില്‍ കാഴ്‌ചവെച്ചിട്ടുള്ളത്‌. 1996 ലോകകപ്പിലും, 2003 ലോകകപ്പിലും ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയത്‌ സച്ചിനായിരുന്നു.

ലോകക്രിക്കറ്റ്‌ താരങ്ങളുടെ ഇടത്താവളമായ കൗണ്ടി ക്രിക്കറ്റിലും സച്ചിന്‍ മോശമാക്കിയില്ല. 19 വയസുള്ളപ്പോള്‍ യോര്‍ക്ക്‌ഷെയറിനുവേണ്ടി കളിക്കുന്ന ആദ്യ വിദേശ കളിക്കാരനായി സച്ചിന്‍. യോര്‍ക്‌ഷെയറിനായി അദ്ദേഹം 16 ഫസ്‌റ്റ് ക്ലാസ്സ്‌ മത്സരങ്ങള്‍ കളിക്കുകയും 46.52 ശരാശരിയില്‍ 1070 റണ്‍സ്‌ നേടുകയും ചെയ്‌തു.

രണ്ട്‌ തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റനായെങ്കിലും ഇന്നത്തേത്‌ പോലെയുള്ള മികവുറ്റ കളിക്കാരുടെ അഭാവം മൂലം ആ രീതിയില്‍ ശോഭിക്കാന്‍ അദ്ദേഹത്തിനായില്ല. 1996ല്‍ ഇന്ത്യന്‍ ടീമിന്റെ നെടുനായകത്വം വഹിച്ച സച്ചിന്‍ 25 ടെസ്‌റ്റ് മല്‍സരങ്ങളിലും 73 ഏകദിനത്തിലുമായിരുന്നു സച്ചിന്റെ നേതൃത്വം. ടെസ്‌റ്റില്‍ നാലും ഏകദിനത്തില്‍ 23 വിജയങ്ങളും മാത്രമായിരുന്നു ഉണ്ടായത്‌. ഓസ്‌ട്രേലിയയില്‍ നടന്ന്‌ ടെസ്‌റ്റ് പരമ്പര 3-0 ന്‌ തോറ്റതിന്‌ പിന്നാലെ നാട്ടില്‍ ദക്ഷിണാഫ്രിക്കയോട്‌ 2-0 നും ടെസ്‌റ്റ് തോറ്റതോടെ 2000 ത്തില്‍ സച്ചിന്‍ രാജിവച്ചു.

പകരം വന്നത്‌ സൗരവ്‌ ഗാംഗുലി.ഒരിക്കല്‍ റെസ്‌റ്റ് ഓഫ്‌ ദ്‌ വേള്‍ഡ്‌ ഇലവനെയും സച്ചിന്‍ നയിച്ചു. ഡയാന രാജകുമാരിയുടെ സ്‌മരണക്കായി ഡബ്ലിയു.ജി. ഗ്രേസിന്റെ 150ആം ജന്മദിനത്തില്‍ നടന്ന മത്സരത്തില്‍ ലോര്‍ഡ്‌സില്‍ എം.സി.സി ഇലവനെതിരേയായിരുന്നു മത്സരം. 125 റണ്‍സ്‌ നേടിക്കൊണ്ട്‌ സച്ചിന്‍ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. ഫീല്‍ഡര്‍ എന്ന നിലയില്‍ മോശമല്ലാത്ത പ്രകടനം നടത്താറുള്ള സച്ചിന് ടെസ്‌റ്റില്‍ 108 ക്യാച്ചുകളും ഏകദിനത്തില്‍ 140 ക്യാച്ചുകളുമുണ്ട്‌.

പക്വതയുടെ പേരില്‍ അന്താരാഷ്‌ട്ര ട്വന്റി20 മല്‍സരങ്ങളില്‍ നിന്നും മാറി നിന്ന അദ്ദേഹം ക്യാപ്‌സൂള്‍ ക്രിക്കറ്റില്‍ കളിച്ചത്‌ വളരെ കുറച്ച്‌ മല്‍സരങ്ങളാണ്‌. യുവതയുടെ ചടുല ക്രിക്കറ്റ്‌ എന്ന്‌ അറിയപ്പെടുന്ന ട്വന്റി 20 യില്‍ ഐപിഎല്ലിലായിരുന്നു സച്ചിന്റെ പ്രകടനമത്രയും. 2013 മേയ്‌ 27ാം തിയതി ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ്‌ സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്‌ച ചാംപ്യന്‍സ്‌ ലീഗ്‌ കിരീടം നേടിയതോടെ വിരമിച്ചു.