റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർ മൂന്നു ലക്ഷം

കോട്ടയം ∙ ജില്ലയിൽ ഇനി മൂന്നു ലക്ഷം ആളുകൾകൂടി റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാനുണ്ട്. ഒക്ടോബർ 20നു പ്രസിദ്ധീകരിച്ച കരട് മുൻഗണനാ പട്ടികയുടെയും അതിനുശേഷം നടത്തിയ തിരുത്തലുകളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ 20,24,383 ഉപഭോക്താക്കളാണു ജില്ലയിൽ. അതിൽ 3,05,109 പേർ ഇനിയും ആധാർ ബന്ധിപ്പിക്കലിനു റേഷൻ കാർഡ് നൽകിയിട്ടില്ല. ആധാർ ബന്ധിപ്പിക്കാത്തവർ 30നു മുൻപ് അതതു താലൂക്ക് സപ്ലൈ ഓഫിസിലോ റേഷൻ കടകളിലോ ബന്ധപ്പെടണം. നിശ്ചിത തീയതിക്കുശേഷം റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കില്ലെന്നു സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.

ആധാർ ബന്ധിപ്പിക്കാനുള്ള ദീർഘിപ്പിച്ച കാലാവധി ഏപ്രിൽ 10നു കഴിഞ്ഞു. വീണ്ടും ഒരു മാസംകൂടി അനുവദിച്ചു. എന്നിട്ടും ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ ഒട്ടേറെയാണെന്ന് അധികൃതർ പറഞ്ഞു. കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുൻഗണനാ പട്ടികയിൽ വരുന്ന കാർഡുകളിലും സംസ്ഥാന സർക്കാരിന്റെ സബ്സിഡി ലഭിക്കുന്ന റേഷൻ കാർഡുകളിലും ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ കുടുംബാംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം. മുൻഗണന ഉള്ളതും ഇല്ലാത്തതുമായ വിഭാഗത്തിൽപെട്ട എല്ലാ റേഷൻ കാർഡ് ഉടമകളും ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യണം.

∙ റേഷൻ വിതരണം ജില്ലയിൽ ഇങ്ങനെ

ആകെ റേഷൻ കടകൾ: 989 കാർഡുടമകൾ: 4,83,874 മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്): 1,56,478 എഎവൈ വിഭാഗം (മഞ്ഞ കാർഡ്): 35,369 മുൻഗണനേതര സബ്സിഡി വിഭാഗം (നീല കാർഡ്): 1,58,772 മുൻഗണനേതര നോൺ സബ്സിഡി വിഭാഗം (വെള്ള കാർഡ്): 1,33,255 ഇവരിൽ എഎവൈ വിഭാഗത്തിലുള്ളവർ ഒഴികെയുള്ള കാർഡുടമകൾ അരിക്കും ഗോതമ്പിനും കിലോയ്ക്ക് ഒരു രൂപ അധികമായി നൽകേണ്ടിവരും. രണ്ടുമുതൽ അഞ്ചു കിലോവരെ ധാന്യം ഇവർക്കു ലഭിക്കുന്നുണ്ട്. റേഷൻ കടകളുടെ സ്ലാബ് തിരിച്ചുള്ള പട്ടിക തയാറാക്കുന്നതേയുള്ളൂവെന്നു ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു.

∙ ഈ മാസം ആദ്യം സമരം ആരംഭിച്ചിരുന്നതിനാൽ ആവശ്യമുള്ള സ്റ്റോക്ക് എത്രയെന്നു വ്യക്തമാക്കുന്ന ഇൻഡന്റ് റേഷൻ വ്യാപാരികളിൽ പലരും നൽകിയില്ല. ഇന്നലെമുതലാണ് സപ്ലൈ ഓഫിസിൽ ഇൻഡന്റുകൾ എത്തിച്ചുതുടങ്ങിയത്. ഇതു പൂർത്തിയാക്കിയശേഷം റേഷൻ വിതരണം പൂർണതോതിൽ ആരംഭിക്കുമ്പോൾ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.

∙ ഓണത്തിനു വിതരണം ചെയ്യാൻ എത്തിച്ച സ്പെഷൽ പഞ്ചസാരയിൽ ബാക്കിയുള്ളത് എന്തു ചെയ്യണമെന്നറിയാതെ റേഷൻ വ്യാപാരികൾ കുഴങ്ങുന്നു. എല്ലാ കാർഡുടമകൾക്കും ഒരു കിലോ പഞ്ചസാരയാണ് ഓണത്തിനു നൽകിയത്. എന്നാൽ, വിതരണത്തിനുശേഷം മിച്ചമുള്ള പഞ്ചസാര എന്തു ചെയ്യണമെന്നതു സംബന്ധിച്ചാണ് ആശയക്കുഴപ്പം.

∙ പ്രശ്നം 50 കിലോയുടെ ചാക്കുകളിലാണു പഞ്ചസാര എത്തിച്ചത്. 480 കാർഡുടമകൾ ഉള്ള റേഷൻ കടയിലേക്ക് 500 കിലോ പഞ്ചസാര ലഭിച്ചു. എന്നാൽ, മിച്ചമുള്ള 20 കിലോ എന്തു ചെയ്യണമെന്നു നിർദേശം നൽകിയില്ല. എല്ലാ റേഷൻ കടകളിലും 40 കിലോ പഞ്ചസാരവരെ അധികമായി ലഭിച്ചിരുന്നു. ചാക്ക് പൊട്ടിച്ച അവസ്ഥയിൽ ആയതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കാരണം പഞ്ചസാര അലിഞ്ഞുതുടങ്ങി. വിതരണം കഴിഞ്ഞു രണ്ടു മാസമായിട്ടും ബാക്കിയായ പഞ്ചസാര എന്തു ചെയ്യണമെന്ന നിർദേശം നൽകാത്തതിനാൽ അധികമായി എത്തിച്ച പഞ്ചസാരയുടെ പണം നൽകേണ്ടിവരുമോ എന്ന ആശങ്കയിലാണു റേഷൻ വ്യാപാരികൾ