റേഷൻ കാർഡ്: ആദ്യ ഘട്ടം ലഭിച്ചത് 4522 അപേക്ഷകൾ

കാഞ്ഞിരപ്പള്ളി ∙ റേഷൻ കാർഡ് സംബന്ധിച്ച് അപേക്ഷകൾ സ്വീകരിക്കുന്നതിന്റെ അദ്യഘട്ടം പൂർത്തിയായപ്പോൾ താലൂക്ക് സപ്ലൈ ഓഫിസിൽ ലഭിച്ചത് 4522 അപേക്ഷകൾ. രണ്ടാം ഘട്ട അപേക്ഷ സ്വീകരിക്കൽ ഇന്നുമുതൽ ആരംഭിക്കും. റേഷൻ കാർഡ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 25 മുതലാണ് താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. ആദ്യ ദിനം തന്നെ 760 അപേക്ഷകളാണ് സപ്ലൈ ഓഫിസിൽ ലഭിച്ചത്.

പിന്നീട് കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചായത്തുകളുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ സ്വീകരിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ അപേക്ഷ സ്വീകരിക്കലിൽ എരുമേലി പഞ്ചായത്തിൽനിന്ന് 670 അപേക്ഷകൾ ലഭിച്ചു. എലിക്കുളം–413, കൂട്ടിക്കൽ–355, കോരൂത്തോട്–393, മണിമല–396, ചിറക്കടവ് 466, പാറത്തോട് 434, മുണ്ടക്കയം 319. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽനിന്നു 196 അപേക്ഷകളും ലഭിച്ചു. ബാക്കിയുള്ളവ താലൂക്ക് സ്പ്ലൈ ഓഫിസിൽ നേരിട്ടു ലഭിച്ചതാണ്.

അപേക്ഷകൾ സ്വീകരിക്കുന്നതിന് സപ്ലൈ ഓഫിസിന് സമീപത്ത് പഴയ റെയിൽവേ റിസർവേഷൻ കേന്ദ്രത്തിൽ മറ്റൊരു കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. ദീർഘ കാലത്തിനു ശേഷമാണ് റേഷൻ കാർഡ് സംബന്ധിച്ച മുഴുവൻ കാര്യങ്ങൾക്കും അപേക്ഷ സ്വീകരിക്കുന്നത്. അതിനാലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. എല്ലാ രേഖകളും സഹിതം അപേക്ഷകൾ നൽകാൻ ശ്രദ്ധിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

നിലവിലുള്ള കാർഡ് വിഭജിച്ചു പുതിയ കാർഡിനുള്ള അപേക്ഷ, തിരുത്തലുകൾ, പുതിയ അംഗങ്ങളെ ഉൾപ്പെടുത്തൽ, മറ്റൊരു താലൂക്കിലേക്കുള്ള മാറ്റം, നോൺ ഇൻക്ലൂഷൻ, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ റേഷൻ കാർഡ് സംബന്ധമായ മുഴുവൻ കാര്യങ്ങൾക്കായുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. www. civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നു ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള പ്രഫോർമയിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫോമുകൾ താലൂക്ക് സപ്ലൈ ഓഫിസിലും സൗജന്യമായി ലഭിക്കും.