റേഷൻ ക്രമക്കേട്: പൊതു വിപണിയിലും പരിശോധന

കാഞ്ഞിരപ്പള്ളി∙ റേഷൻ മൊത്തവ്യാപാര കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ സപ്ലൈ ഓഫിസ് ഉദ്യോഗസ്‌ഥർ പൊതുവിപണിയിലും പരിശോധന നടത്തി. മൊത്തവ്യാപാര കേന്ദ്രത്തിൽ കുറവ് കണ്ടെത്തിയ അരിയും ഗോതമ്പും പൊതുവിപണിയിലെ കടകളിൽ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. ‌

കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. ചൊവ്വാഴ്‌ച റേഷൻ മൊത്തവ്യാപാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെ കുറിച്ചുള്ള റിപ്പോർട്ട് കലക്‌ടർക്ക് സമർപ്പിച്ചു.

താലൂക്ക് സപ്ലൈ ഓഫിസർ പി.എ. യൂസഫ് തയാറാക്കിയ റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫിസർ മുഖേനയാണു കലക്‌ടർക്കു കൈമാറിയത്. നഗരത്തിലെ റേഷൻ മൊത്തവ്യാപാര കേന്ദ്രത്തിൽ സപ്ലൈ ഓഫിസ് അധികൃതർ ചൊവ്വാഴ്‌ച നടത്തിയ മിന്നൽ പരിശോധനയിൽ 1700 ക്വിന്റൽ അരിയുടെയും 800 ക്വിന്റൽ ഗോതമ്പിന്റെയും കുറവ് കണ്ടെത്തിയിരുന്നു. തുടർന്നു മൊത്ത വിതരണ കേന്ദ്രം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌ത് ഉടമ വിജയകുമാറിനെതിരെ കേസെടുക്കുകയും ചെയ്‌തു. വിജയകുമാർ നടത്തുന്ന എരുമേലിയിലെ മൊത്തവ്യാപാര കേന്ദ്രവും സപ്ലൈ ഓഫിസ് ഉദ്യോഗസ്‌ഥർ പൂട്ടി.