റോഡരികില്‍ പരസ്യമദ്യപാനം, പോലീസ് ജാഗ്രതയിൽ , എരുമേലിയിൽ റോഡരികില്‍ മദ്യപിക്കുകയായിരുന്ന ചിലരെ പോലീസ് ആറ്റില്‍ ചാടി പിടികൂടി.

എരുമേലി: അടഞ്ഞ ബാറുകള്‍ ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും റോഡരികിലെ പരസ്യമദ്യപാനം പോലീസിന് കേസുകളുടെ ചാകരയൊരുക്കി.

മദ്യപാനത്തിനായി ബാറുകളെ ആശ്രയിച്ചിരുന്നവര്‍ക്കാണ് പോലീസിന്റെ വക തിരിച്ചടി. അമിതമായി പണം കൊടുത്ത് വാങ്ങിയ മദ്യം കഴിക്കാന്‍ സ്ഥലമില്ല. ആറ്റുതീരവും ആളൊഴിഞ്ഞ റോഡുകളും കുറേദിവസം മദ്യപന്മാര്‍ക്ക് ഒരു ആശ്വാസകേന്ദ്രങ്ങളായിരുന്നുവെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ അതും ഇല്ലാതാക്കി.

റോഡരികില്‍ മദ്യപിക്കുകയായിരുന്ന ചിലരെ പോലീസ് ഓരുങ്കല്‍ കടവിലെ ആറ്റില്‍ ചാടി പിടികൂടിയതും രസകരമായ കഥയായി മാറുന്നു.

മുമ്പ് പെറ്റിക്കേസിനായി നെട്ടോട്ടമോടിയിരുന്ന പോലീസിന് ഗ്രാമങ്ങളിലെ കൊച്ചുറോഡുകളിലെ പെട്രോളിംഗിന് ഏറെ താത്പര്യമാണെന്നും നാട്ടുവര്‍ത്തമാനം. ബാറുകള്‍ അടച്ചദിവസം മുതല്‍ ഇന്നലെ വരെ ഇത്തരത്തിലുള്ള പെറ്റി കേസുകള്‍ സാധാരണത്തേതിനേക്കാള്‍ ഇരട്ടിയായിരുന്നു.

പരസ്യമദ്യപാനി സംഘങ്ങളെ തന്നെ പിടികൂടാന്‍ പോലീസിന് കഴിയുന്നുവെന്നും കേസുകള്‍ കേട്ടാല്‍ മനസ്സിലാകും. മദ്യകച്ചവടത്തിലൂടെ നഷ്ടമാകുന്ന പണം പോലീസുവഴി സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുന്നു. പക്ഷേ പേരുദോഷം മാറ്റാന്‍ കഴിയുന്നില്ലെന്നും പോലീസ് തന്നെ പറയുന്നു.

മദ്യം വാങ്ങുന്നവര്‍ വീട്ടില്‍ കൊണ്ടുപോയി കഴിക്കണം. വേണമെങ്കില്‍ നാട്ടുകാര്‍ക്കോ അയല്‍ ക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ വീടുകള്‍ ബാറുകളാക്കി മാറ്റുകയും ചെയ്യാം. പക്ഷേ പരസ്യ മദ്യപാനം മാത്രം പാടില്ല.

. ഇനി പോലീസിന് വിശ്രമിക്കണമെങ്കില്‍ ബാറുകള്‍ തുറക്കണം. അല്ലെങ്കില്‍ മദ്യം എന്നെന്നേയ്ക്കുമായി നിര്‍ത്തണം. ഇതില്‍ ഏതുവേണമെന്ന് തീരുമാനിക്കാനുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാത്രം.