റോഡിന്റെ വശങ്ങളിലെ ടൈൽ പാകൽ പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാർ; പ്രതിഷേധവുമായി നാട്ടുകാർ ..

കാഞ്ഞിരപ്പള്ളി∙ കത്തിലാങ്കൽപ്പടി – തണ്ണിപ്പാറ റോഡിന്റെ വശങ്ങളിൽ ടൈൽ പാകുന്ന ജോലികൾ പാതി വഴിയിൽ നിലച്ചതായി പരാതി. ചിറക്കടവ് പഞ്ചായത്തിൽപ്പെട്ട റോഡ് റീടാർ ചെയ്ത ശേഷം 800 മീറ്ററോളം ദൂരമുള്ള റോഡിന്റെ ഇരുവശങ്ങളിലും ടൈൽ പാകുന്നതിനു ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ ഒരു വശം മുഴുവനും ടൈൽ പാകി.

എന്നാൽ മറുവശത്തെ പകുതിഭാഗം മാത്രം ടൈൽ പാകിയ ശേഷം കരാറുകാർ നിർമാണ ജോലികൾ നിർത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. ടൈൽ പാകാൻ ബാക്കിയുള്ള ഭാഗത്തു മണ്ണിട്ടു നിറയ്ക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. അനുവദിച്ച തുകയ്ക്കുള്ള ടൈൽ പാകൽ ജോലികൾ കഴിഞ്ഞതായാണ് കരാറുകാർ പറയുന്നതെന്നു കത്തിലാങ്കൽ പടി കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ ആരോപിക്കുന്നു.

ബാക്കിയുള്ള ഭാഗത്തു ടൈൽ പാകുന്നതിനായി എടുത്ത കുഴികൾ അപകടക്കെണിയായി മാറിയിരിക്കുകയാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ടാറിങ്ങിനു വശത്തെ കട്ടിങ്ങിൽ നിന്നു ബൈക്ക് മറിഞ്ഞ് അപകടമുണ്ടായി. സ്കൂൾ ബസുകൾ ഇതുവഴി വരാൻ മടിക്കുകയാണെന്നും ഇവർ പറയുന്നു. എത്രയും വേഗം ടൈൽ പാകൽ ജോലികൾ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം സമരം നടത്തുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.