റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം

മുണ്ടക്കയം∙ കോരുത്തോട് കുഴിമാവ് കാളകെട്ടി ശബരിമല പാതയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ പൊലീസ് പരിശോധനയും ശക്തമാക്കണമെന്ന് ആവശ്യം. കുമളി തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. വളവുകളും തിരിവുകളും നിറഞ്ഞ റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ എത്തുന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നു.

കഴിഞ്ഞ വർഷം വണ്ടൻപതാൽ മൂന്നുസെന്റിൽ തൊഴിലുറപ്പു ജോലികഴിഞ്ഞു നടന്നുപോയ സ്ത്രീ തീർഥാടക വാഹനം ഇടിച്ചുമരിച്ച സംഭവവും ഉണ്ടായി. വീതികുറഞ്ഞ റോഡിൽ വാഹനങ്ങളുടെ അമിതവേഗം മൂലം യാത്രികർ ഭീതിയോടെയാണു നടക്കുന്നത്. വണ്ടൻപതാൽ തേക്കിൻകൂപ്പിൽ ഉൾപ്പെടെ ഒട്ടേറെ അപകടവളവുകളാണു പാതയിൽ ഉള്ളത്.

പനക്കച്ചിറ പാറമടയിൽ ഇറക്കത്ത് അപകടങ്ങൾ നിത്യസംഭവമായ വളവുകളിലും മടുക്ക കോസഡി കുത്തിറക്കത്തിലെ വളവുകളിലും വഴിപരിചയമില്ലാത്ത തീർഥാടകർ അമിതവേഗത്തിലാണു യാത്ര. വേഗം കുറയ്ക്കാൻ മുന്നറിയിപ്പു ബോർഡുകൾ ഇല്ല. മുണ്ടക്കയം–എരുമേലി പാതയിൽ കണ്ണിമലയിൽ പൊലീസിന്റെ താൽക്കാലിക എയ്ഡ് പോസ്റ്റ് പ്രവർത്തിക്കും പോലെ മടുക്ക കേന്ദ്രമായും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.