റോഡുകളുടെ അരികിലുള്ള വെള്ളവര പാർക്കിങ്ങിനുള്ള ഇടമോ?

റോഡുകളുടെ അരികിലുള്ള വരകൾക്കപ്പുറത്ത് പാർക്കിങ് പാടില്ലെന്നു പൊലീസ്. ഈ സ്ഥലം പാർക്കിങ്ങിനുള്ള ഇടമാണെന്നു തെറ്റിദ്ധരിച്ച് ഒട്ടേറെപ്പേർ വാഹനങ്ങൾ നിർത്തിയിട്ടശേഷം പോകുന്നത് നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് അനധികൃത പാർക്കിങ് നടത്തുന്നവർക്ക് പിഴ ചുമത്തുന്നതെന്നും പൊലീസ് പറഞ്ഞു.

റോഡിൽ വെള്ളവരയ്ക്ക് അപ്പുറത്ത് വാഹനങ്ങൾ പാർക്കു ചെയ്യുന്നവർക്ക് പിഴ ചുമത്തുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് പൊലീസിന്റെ വിശദീകരണം. രാത്രികാലങ്ങളിൽ റോഡിന്റെ വീതി മനസ്സിലാക്കാനാണ് റോഡുകൾക്ക് അരികിൽ വെളുത്ത വരകളുള്ളത്.

ഇത് പാർക്കിങ്ങിനുള്ള ഇടമല്ല. തിരക്കുള്ള ജംക്‌ഷനുകളുടെ സമീപത്ത് വരകൾക്കപ്പുറം വാഹനങ്ങൾ പാർക്കു ചെയ്യുന്നതു കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.