റോഡ് നവീകരണം പൂര്‍ത്തിയാക്കണം

ഞള്ളമറ്റം: പൊന്‍കുന്നം – കുറുവാമൂഴി റോഡ് ആധുനിക രീതിയില്‍ ടാറിംഗ് നടത്തിയിട്ട് മാസങ്ങളായെങ്കിലും ടാറിംഗിന്റെ ബാക്കി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന്‍ തയാറാകാത്തതില്‍ ഗ്രാമജ്യോതി ജനശ്രീ ഞള്ളമറ്റം യൂണിറ്റ് പ്രതിഷേധിച്ചു. ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാത്തതുമൂലം റോഡിന്റെ വശങ്ങള്‍ തകര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ഉയര്‍ന്ന കട്ടിംഗുകള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്.

അമിത വേഗത്തില്‍ പായുന്ന വാഹനങ്ങളും ഓവര്‍ടേക്കിംഗും ഒരുപോലെ അപകടം സൃഷ്ടിക്കുന്നു. ചിറക്കടവ് പള്ളിപ്പാലത്തിങ്കലും മണ്ണംപ്ലാവ് ജംഗ്ഷനിലും മുമ്പ് ഹമ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. ഞള്ളമറ്റം മുതല്‍ കല്ലറക്കാവ് വരെയുള്ള റോഡിന്റെ ഇരു വശവും ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. സംരക്ഷണ ഭിത്തിയും പൂര്‍ണമായിട്ടില്ല.

റോഡിനോട് അധികൃതര്‍ കാട്ടുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്ന് ഗ്രാമജ്യോതി ജനശ്രീ ഞള്ളമറ്റം യൂണിറ്റ് ആവശ്യപ്പെട്ടു. ജയിംസ് മാത്യുവിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി മാത്യു മേട്ടേല്‍, പി.ഐ. അന്‍സാരി, സജി ഒട്ടത്ത്, അരവിന്ദാക്ഷന്‍ നായര്‍, സജി തോമസ് താമരക്കുന്നേല്‍, പ്രേം അലക്‌സ് മണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.