റോഡ് നിര്‍മാണം ഇല്ല; കേരള കോണ്‍ഗ്രസ്–എം സമരം നടത്തും

പൊൻകുന്നം∙ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചു കേരള കോൺഗ്രസ് (എം) സമരം നടത്തും. 12നു പാർട്ടി ചെയർമാൻ കെ.എം.മാണി സമരപരിപാടികൾ ഉദ്ഘാടനം ചെയ്യും. സമര പരിപാടികളെക്കുറിച്ച് ആലോചിക്കാൻ ചേർന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ജോർജ് വർഗീസ് പൊട്ടംകുളം അധ്യക്ഷത വഹിച്ചു.

25 വർഷംമുൻപു തുടക്കംകുറിച്ച പദ്ധതിയുടെ പൊൻകുന്നം വരെയുള്ള ഭാഗം മാത്രമാണു പൂർത്തീകരിച്ചതെന്നു യോഗം ആരോപിച്ചു. പൊൻകുന്നം-പുനലൂർ റോഡിന്റെ ടെൻഡർ നടപടി പോലുമായില്ല. കോടികൾ മുടക്കി സർക്കാർ സ്ഥലം ഏറ്റെടുത്തതാണ്. കർഷകർ റോഡിനായി ഏറെ നഷ്ടം സഹിച്ചു. കൃഷി നശിച്ചു, വിലപിടിപ്പുള്ള മരങ്ങൾ കുറഞ്ഞ വിലയ്ക്കു വർഷങ്ങൾക്കു മുൻപേ വെട്ടിമാറ്റി. എന്നിട്ടും പൊതുമരാമത്തു മന്ത്രി കെഎസ്ടിപിയെ കുറ്റം പറഞ്ഞു വാചകക്കസർത്തു നടത്തുകയാണെന്നു യോഗം ആരോപിച്ചു.

2018ൽ പൂർത്തിയാക്കേണ്ട റോഡിന്റെ പണി തുടങ്ങാത്തതിനാൽ ലോകബാങ്കിന്റെ പണം നഷ്ടപ്പെടുമെന്നും യോഗം വിലയിരുത്തി. ഡോ.എൻ.ജയരാജ് എംഎൽഎ, എ.എം.മാത്യു ആനിത്തോട്ടം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സണ്ണി വെട്ടിക്കാട്ട്, രാരിച്ചൻ റാന്നി, സജി വെട്ടുവേലിൽ, ഷാജി നല്ലേപ്പറമ്പിൽ, അപ്പച്ചൻ കുറുപ്പൻപറമ്പിൽ, ബോബച്ചൻ കൊണ്ടോടി, പി.ജെ.ജോണിക്കുട്ടി, കെ.എസ്.സെബാസ്റ്റ്യൻ, ജോൺസി വാഴൂർ, ജെയിംസ് പള്ളിക്കത്തോട് എന്നിവർ പ്രസംഗിച്ചു.