റോഡ് നിര്‍മ്മാണത്തിന് ജലവിതരണ പൈപ്പ് റോഡ് നിര്‍മ്മാണത്തിന് വെട്ടിപ്പൊളിച്ചു; കൂരംതൂക്ക് മേഖലയിലെ കുടിവെള്ളം മുട്ടി

പാറത്തോട്: റോഡ് നിര്‍മ്മാണത്തിന് വെട്ടിപ്പൊളിച്ച ജലവിതരണ പൈപ്പ് ലൈന്‍ നാലു വര്‍ഷമായിട്ടും നന്നാക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായി.

പാറത്തോട് പഞ്ചായത്ത് കൂരംതൂക്ക്, നാടുകാണി കുടിവെള്ള പദ്ധതിയുടെ ജലവിതരണ കുഴലാണ് കൂവപ്പള്ളി-മുണ്ടക്കയം സമാന്തപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെട്ടിപൊളിച്ചത്. രണ്ടര കിലോമീറ്റര്‍ ദൂരം ജലവിതരണ കുഴലും ഇരുപതോളം പൊതു ടാപ്പുകളും തകര്‍ന്നു. പ്രദേശത്തെ നാല്‍പ്പതോളം കണക്ഷനുകള്‍ ഉപയോഗ ശൂന്യമായി. കുടിവെള്ള ക്ഷാമം രൂക്ഷമായ മൂര്‍ത്തിപതി, കൂരംതൂക്ക്, പാറ്റാപള്ളി എന്നീ മേഖലകളിലുള്ളവര്‍ നിലവില്‍ വെള്ളം വില കൊടുത്തു വാങ്ങുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ കിലോമീറ്റുകളോളം തലചുമടായി എത്തിക്കണം. 250 ഓളം കുടുംബങ്ങളാണ് ഇവിടെ ദുരിതനുഭവിക്കുന്നത്. പൊതു കിണറുകളോ, കുഴല്‍ കിണറുകളോ മേഖലയില്ല.

കൊരട്ടിയാറ്റില്‍ നിന്നും ജലം പമ്പ് ചെയ്ത് നാടുകാണിയിലെത്തിച്ച്, ഇവിടെ നിന്നുമാണ് ജല വിതരണം നടത്തിയിരുന്നത്. 20 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ജല വിതരണ പദ്ധതിയാണ് നാട്ടുകാര്‍ക്ക് പ്രയോജനമില്ലാതെ നശിക്കുന്നത്.
അധികാരികള്‍ക്ക് മുന്നില്‍ പലതവണ പരാതിയുമായി സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മ്മാണത്തിനു ശേഷം പൈപ്പ് ലൈനുകളുടെ അറ്റകുറ്റ പണി നടത്തുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നാലു വര്‍ഷത്തോളമായി പൊതുമരാമത്ത് വകുപ്പോ, വാട്ടര്‍ അതോറിട്ടിയോ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ജനങ്ങള്‍ സമരത്തിനൊരുങ്ങുകയാണ്.