റോയല്‍ വിജയവുമായി രാജസ്ഥാന്‍ ഒന്നാമത്

rahul dravid
ജയ്പ്പൂര്‍: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിനെ 19 റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതതെത്തി. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ തോല്‍വിയും. സ്കോര്‍: രാജസ്ഥാന്‍: 20 ഓവറില്‍ 144/6, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 19 ഓവറില്‍ 125ന് ഓള്‍ ഔട്ട്.

ജയ്പ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ശ്രീശാന്ത് എറിഞ്ഞ ആദ്യ ഓവറില്‍ 14 റണ്‍സടിച്ച് മികച്ച തുടക്കമിട്ടെങ്കിലും യുവതാരം രാഹുല്‍ ശുക്ല ബൗള്‍ ചെയ്യാനെത്തിതോടെ തകര്‍ന്നു. തന്റെ ആദ്യ ഓവറില്‍ തന്നെ മന്‍വീന്ദര്‍ ബിസ്ലയെും(1), ജാക് കാലിസിനെയും(0) മടക്കി രാഹുല്‍ കൊല്‍ക്കത്തയെ ഞെട്ടിച്ചു. മനോജ് തിവാരിയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ചേര്‍ന്ന് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചെങ്കിലും ഏഴാം ഓവറില്‍ കളിയിലെ കേമനായ സിദ്ധാര്‍ഥ് ത്രിവേദി മനോജ് തിവാരിയെയും(14), ഗൗതം ഗംഭീറിനെയും(220 മടക്കി തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

അടുത്ത ഓവറില്‍ കെവിന്‍ കൂപ്പര്‍ യൂസഫ് പത്താനെയും (0)പവലിയിനില്‍ എത്തിച്ചതോടെ കൊല്‍ക്കത്ത വമ്പന്‍ തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും ഓയിന്‍ മോര്‍ഗന്റെ പോരാട്ട വീര്യം (38 പന്തില്‍ 51) അവരെ 100 കടത്തി. ജയത്തിലേക്ക് 23 റണ്‍സകലെ മോര്‍ഗനെ കൂപ്പര്‍ ബൗള്‍ഡാക്കിയപ്പോള്‍ കൊല്‍ക്കത്തയുടെ ജയപ്രതീക്ഷയും അവസാനിച്ചു. റോയല്‍സിനായി സിദ്ധാര്‍ധ് ത്രിവേദി 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കെവിന്‍ കൂപ്പര്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രാഹുല്‍ ശുക്ല രണ്ടും ശ്രീശാന്ത്, ടെയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ ബ്രാഡ് ഹോഡ്ജ്(31 പന്തില്‍ 46 നോട്ടൗട്ട്), അജിങ്ക്യാ രഹാനെ(36), രാഹുല്‍ ദ്രാവിഡ്(17), സ്റ്റുവര്‍ട്ട് ബിന്നി(14) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ അഞ്ചു പേസ് ബൗളര്‍മാരുമായാണ് രാജ്സഥാന്‍ ഇറങ്ങിയത്.