റോസ്‌ലി പിന്തുടര്‍ന്ന് നേടിയത് ബസ്സില്‍ മറന്ന പത്തുപവനും 2800 രൂപയും

ലോട്ടറി ഏജന്റും പോലീസും സഹായത്തിനെത്തിയപ്പോള്‍ റോസ്‌ലി സിറിയക്കിന് ഭാഗ്യമുണ്ടായി; ബസ്സില്‍ മറന്നുവച്ച 10 പവന്‍ സ്വര്‍ണാഭരണവും 2800 രൂപയും തിരികെ കിട്ടാന്‍.

ഏന്തയാര്‍ ചോങ്കര വീട്ടില്‍ റോസ്‌ലി സിറിയക് ചങ്ങനാശ്ശേരിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനാണ് വ്യാഴാഴ്ച രാവിലെ 6.30 ന് പൊന്‍കുന്നത്തെത്തിയത്. ഏന്തയാറില്‍നിന്ന് ചിറത്തറ എന്ന സ്വകാര്യ ബസ്സിലായിരുന്നു പൊന്‍കുന്നംവരെ യാത്ര. ബസ് പോയിക്കഴിഞ്ഞാണ് ആഭരണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട വിവരം മനസ്സിലായത്.

എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ വീട്ടമ്മയ്ക്ക് സ്റ്റാന്‍ഡിലുണ്ടായിരുന്ന ലോട്ടറി ഏജന്റ് തെക്കേത്തുകവല സ്വദേശി മുരളി ധൈര്യം പകര്‍ന്നു. റോസ്‌ലിയെക്കൂട്ടി ഉടന്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ ബിജുവിനോട് വിവരം പറയുകയായിരുന്നു. സി.ഐ. പി.രാജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ജീപ്പില്‍ റോസ്‌ലിയെയും കൂട്ടി ബസ്സിനു പിന്നാലെ പാഞ്ഞു. കൊടുങ്ങൂരെത്തിയിട്ടും ബസ് പിടിക്കാനായില്ല. റൂട്ടിലെ സ്റ്റേഷനുകളിലേക്ക് പോലീസ് സന്ദേശം ഇതിനിടെ വയര്‍ലെസില്‍ നല്‍കി.

തുടര്‍ന്ന് ഹൈവേ പോലീസ് എസ്.ഐ. എം.കെ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 15-ാം മൈലില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയപ്പോള്‍ സീറ്റിനടിയില്‍നിന്ന് പേഴ്‌സ് കിട്ടുകയായിരുന്നു. കൊടുങ്ങൂരില്‍നിന്ന് പോലീസ് നല്‍കിയ 100 രൂപയുമായി റോസ്‌ലി പാമ്പാടി സ്റ്റേഷനിലെത്തി നഷ്ടപ്പെട്ട മുതല്‍ തിരികെ വാങ്ങി.

കോണ്‍സ്റ്റബിള്‍മാരായ ജ്യോതിഷ്, ഷിബു എന്നിവരും പേഴ്‌സ് തിരച്ചിലിന് നേതൃത്വം നല്‍കി.
Joby Kurian