ലഹരിക്ക് ‘പേന സിഗരറ്റ്’

കോട്ടയം ∙ ചുരുങ്ങിയ ചെലവിൽ ലഹരി. ഒരു പുകയെടുത്താൽ, മണിക്കൂറുകളോളം കിറുങ്ങിക്കിടക്കാം. ലഹരി പുകയുന്ന പേന സിഗരറ്റ് എക്സൈസ് സംഘം പിടികൂടി. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ മൂന്നു കടകൾക്കു പിഴ ചുമത്തി. സിഗരറ്റ് വാങ്ങാനെത്തിയ രണ്ടു പ്ലസ് ‍ടു വിദ്യാർഥികളെ താക്കീതു ചെയ്തു വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കു പരിശോധനയിലാണ് സിഗരറ്റ് പിടി കൂടിയത്.

ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരക്കാർക്കു വേണ്ടിയാണ് ഇത് എത്തിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി. കേന്ദ്ര സർക്കാർ സമീപകാലത്തു നിരോധിച്ച സിറപ്പുകളും ലഹരി ഗുളികകളും വിൽപന നടത്തുന്ന സംഘങ്ങൾ ജില്ലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതിനു പുറമെയാണ് ഇപ്പോൾ ലഹരി പുകയുന്ന സിഗരറ്റും എത്തിയത്. ഒരു സിഗരറ്റിന് 20 രൂപയാണ് വില.

അഞ്ച് എണ്ണം അടങ്ങുന്ന പായ്ക്കറ്റാണ് ഉള്ളത്. മൂന്നു കടകളിൽ ഇതു വിൽപനയ്ക്കു കരുതിയിരുന്നു. വിൽപന നിരോധിച്ച മരുന്നുകൾ തമിഴ്നാട്ടിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മൊത്തവിതരണക്കാരായ ഏജന്റുമാരിൽ നിന്നും ശേഖരിക്കുന്ന ലഹരി മാഫിയ സംഘം ജില്ലയിലുടനീളം കോളജ് വിദ്യാർഥികൾക്കിടയിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനു പുറമെയാണ് പേന സിഗരറ്റിന്റെ വിൽപന. സ്ഥിരമായി ജില്ലയിലെത്തുന്ന സംഘം പല സ്ഥലത്തായി തമ്പടിച്ച് രണ്ടും മൂന്നും ദിവസത്തേക്കു മുറികളെടുത്ത്, ആവശ്യക്കാരെ കണ്ടെത്തിയാണ് വിൽപന നടത്തുന്നത്. കോളജ് വിദ്യാർഥികളും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ലഹരിമരുന്ന് മാഫിയ സംഘത്തിന്റെ വലയിൽ കുടുങ്ങിയവരിലേറെയും. നിരോധിച്ച മരുന്നിന് ഇരട്ടി വില നൽകിയും സ്വന്തമാക്കാൻ ലഹരിക്കടിമകളായ ഒട്ടേറെപ്പേരാണ് ജില്ലയിലുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്.ബാബു, അസി. എക്സൈസ് ഇൻസ്പെക്ടർ സി.ടോം, സുനിൽ കുമാർ, അമൽ വി. വേണു, സി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.