ലാടൻമാരും വന്നു പറ്റിച്ചു: പോയതു ലക്ഷങ്ങൾ

നാട്ടുവൈദ്യ ചികിൽസയുടെ മറവിൽ രോഗികളിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത് ആന്ധ്രസംഘം മുങ്ങി. നാട്ടുചികിൽസയ്ക്കുള്ള പച്ച മരുന്നുകൾക്കൊപ്പം അലോപ്പതി മുരുന്നുപൊടിച്ചു ചേർത്തു രോഗികൾക്കു നൽകി രോഗശമനം നൽകി വിശ്വാസം പിടിച്ചുപറ്റിയാണു തട്ടിപ്പ്. അട്ടിപ്പീടിക, ബസാർ, വായനശാല ഭാഗത്തെ 20 രോഗികളിൽനിന്നായി രണ്ടര ലക്ഷം രൂപയാണു സംഘം തട്ടിയെടുത്തത്. ശ്വാസംമുട്ടൽ, മുട്ടുവേദന എന്നിവയുള്ള രോഗികളെ കണ്ടെത്തി ഇവർക്ക് ആദ്യം മരുന്നു നൽകും. രോഗം പെട്ടെന്നു ഭേദമാകുന്നതോടെ ഇവരെ കാട്ടിയാണു മറ്റു രോഗികളെ വശത്താക്കിയത്.

കാൻസർ, മൂത്രത്തിൽ കല്ല്, നടുവേദന, വിട്ടുമാറത്ത തുമ്മൽ തുടങ്ങി പുറത്തു പറയാൻ മടിക്കുന്ന രോഗങ്ങൾ ഭേദമാക്കാമെന്നു വിശ്വസിപ്പിച്ചാണ് ആയിരം മുതൽ 20,000 രൂപ വരെ രോഗികളിൽനിന്നു വാങ്ങിയത്. അട്ടിപ്പീടിക ഭാഗത്താണ് ആദ്യം സംഘം എത്തിയത്. മണർകാടാണ് താമസമെന്നു രോഗികളെ വിശ്വസിപ്പിച്ചു. രോഗവിവരം കുറിച്ചെടുക്കുകയും ഇത് ആന്ധ്രപ്രദേശിലുള്ള മൂപ്പനോട് പറയുകയും അദ്ദേഹം നിർദേശിക്കുന്ന നാട്ടുമരുന്നുകൾ ചേർത്തു മരുന്നു ഉണ്ടാക്കി നൽകുമെന്നുമാണു സംഘം പറഞ്ഞത്.

മുട്ടുവേദനയ്ക്കു ഭാര്യ മരുന്നു കഴിച്ചു കുറഞ്ഞപ്പോൾ ഭർത്താവും മരുന്നു തേടുകയും ഇരുവരും തട്ടിപ്പിന് ഇരയായ സംഭവവുമുണ്ട്. പണം വാങ്ങി പോയ സംഘം രണ്ടാഴ്ച കഴിഞ്ഞിട്ടും മരുന്നുമായി എത്തിയില്ല. ഇതോടെയാണു സംഗതി തട്ടിപ്പാണെന്നു രോഗികൾക്കു മനസ്സിലായത്. മണർകാട്ട് ഇവരെക്കുറിച്ചു അന്വേഷിച്ചെങ്കിലും വിവരമില്ല. നാടക്കേടു കാരണം ആരും പൊലീസിൽ പരാതി നൽകിയില്ല.