ലാഭമുള്ള സർവീസ് മുടക്കി കെഎസ്ആർടിസി; സ്വകാര്യ ബസുകളെ സഹായിക്കാനെന്ന് ആക്ഷേപം

എരുമേലി∙ ലാഭകരമായ പുനലൂർ – കാഞ്ഞിരപ്പള്ളി ചെയിൻ സർവീസ് മുടക്കി പുനലൂർ – മുണ്ടക്കയം റൂട്ടിൽ സർവീസ് തുടങ്ങിയതായി ആരോപണം. സ്വകാര്യ ബസ് സർവീസുകളെ സഹായിക്കാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം.

കഴിഞ്ഞ 10 വർഷമായി പുനലൂർ– കാഞ്ഞിരപ്പള്ളി റൂട്ടിൽ 18 സർവീസുകളാണ് നടന്നിരുന്നത്. മികച്ച വരുമാനമാണ് ഈ റൂട്ടിൽ കെഎസ്ആർടിസിക്ക് ലഭിച്ചിരുന്നത്. രാവിലെ അഞ്ചു മുതൽ പൊൻകുന്നം, പത്തനംതിട്ട, പുനലൂർ ഡിപ്പോകളിലെ ബസുകളാണ് ഇടവിട്ട് സർവീസ് നടത്തിയിരുന്നത്.

എന്നാൽ എരുമേലി –കാഞ്ഞിരപ്പള്ളി റൂട്ടിലെ സ്വകാര്യ സർവീസുകളെ സഹായിക്കാൻ ഈ റൂട്ടിലേക്കുള്ള ബസുകൾ കെഎസ്ആർടിസി റദ്ദ് ചെയ്യുകയായിരുന്നെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിനെതിരെ വ്യാപക തോതിൽ എരുമേലി, പുനലൂർ, പത്തനംതിട്ട, റാന്നി ബസ് സ്റ്റാൻഡുകളിൽ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നതു കാണാം.

10 മിനിറ്റ് ഇടവേള പോലുമില്ലാതെയാണ് എരുമേലി – മുണ്ടക്കയം റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കൊണ്ടിരിക്കുന്നത്. ഫലത്തിൽ കെഎസ്ആർടിസിക്കും വൻ വരുമാന നഷ്ടമാണ് സംഭവിക്കുന്നത്. യാത്രാക്ലേശം രൂക്ഷമായ പുനലൂർ– കാഞ്ഞിരപ്പള്ളി റൂട്ട് ഒഴിവാക്കിയതിനു പിന്നിലെ രഹസ്യ നീക്കം പുറത്തു കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.