ലൈഫ് പദ്ധതിയിലെ ആദ്യ വീട് അമ്പാടിക്ക്

എരുമേലി / പാക്കാനം∙ അച്ഛനെ വെള്ളച്ചാട്ടത്തിൽ നഷ്ടപ്പെട്ട അമ്പാടിക്ക് ജില്ലയിലെ ആദ്യത്തെ ലൈഫ് പദ്ധതി വീടു കിട്ടി. ജില്ലയിലെ പഞ്ചായത്തുകളിൽ ആദ്യമായി ലൈഫ് പദ്ധതി വീട് യാഥാർഥ്യമാക്കിയ എരുമേലി പഞ്ചായത്തിലെ പാക്കാനം വാർഡിൽ കലക്ടർ ബി.എസ്. തിരുമേനി എത്തി അമ്പാടിക്കു താക്കോൽ കൈമാറി.

ഒന്നര വർഷം മുൻപ് പമ്പാനദിയിലെ ചാത്തൻതറ പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ അകപ്പെട്ടാണ് അമ്പാടിയുടെ അച്ഛൻ ബിനു മരിച്ചത്. ഇതോടെ അമ്മ അർച്ചനയുടെയും ബിനുവിന്റെ മാതാപിതാക്കളുടെയും അവസ്ഥ കഷ്ടത്തിലായി. മുത്തച്ഛനും മുത്തശിക്കുമൊപ്പമായി പിന്നീട് അമ്പാടിയുടെയും അർച്ചനയുടെയും താമസം. സ്വന്തമായി വീടില്ലാത്ത ഇവർക്ക് പിന്നീട് ലൈഫ് പദ്ധതിയിൽ മുൻഗണന നൽകി.

വാർഡ് അംഗം ജോമോൻ വാഴപ്പനാടിയുടെ നേതൃത്വത്തിൽ 90 ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയ്, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ഊരുമൂപ്പൻ കെ.എൻ.പത്മനാഭൻ, വാർഡ് അംഗം പ്രകാശ് പുളിക്കൽ, ജോമോൻ വാഴപ്പനാടി എന്നിവർ പ്രസംഗിച്ചു.