ലൈഫ് പദ്ധതി.

1,30, 375 പേരുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സർക്കാരിന് കഴിഞ്ഞു. . മുകളില്‍ ആകാശം, താഴെ ഭൂമി എന്ന നിലയില്‍ മുടങ്ങി കിടന്നിരുന്ന 51,643 വീടുകള്‍ പൂര്‍ത്തിയാക്കി. പുതുതായി 78,732 വീടുകള്‍ നിര്‍മ്മിച്ച് ആ കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാരിനായി.
ഒരു വീട് നിര്‍മ്മിക്കാന്‍ നാലുലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ നല്‍കുക. കേരളത്തില്‍ എല്ലാ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കും നാലു ലക്ഷം നല്‍കും. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകള്‍ക്കും കേരളത്തില്‍ നാലു ലക്ഷം രൂപ തന്നെയാണ് നല്‍കുന്നത്. ലൈഫ്-പിഎംഎവൈ നഗരം പദ്ധതിയില്‍ കേന്ദ്രവിഹിതം ഒന്നര ലക്ഷം രൂപയാണ് . ലൈഫ് – പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ ഒരു വീടിന് പരമാവധി 1.3 ലക്ഷം രൂപ നല്‍കാനാണ് കേന്ദ്രനിര്‍ദ്ദേശം, ഇതിന്റെ അറുപത് ശതമാനം കേന്ദ്രവിഹിതം. നാലു ലക്ഷം രൂപയില്‍ ബാക്കി 3.2 ലക്ഷം രൂപ വരെ സംസ്ഥാനവും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നല്‍കും. ഈ രണ്ട് പദ്ധതികള്‍ക്കും ഗുണഭോക്തൃ വിഹിതം നല്‍കണമെന്നാണ് നിബന്ധന എങ്കിലും അതിന്റെ ബാധ്യതയില്‍ നിന്നും അവരെ ഒഴിവാക്കുകയും ചെയ്തു.
ഭൂരഹിത-ഭവനരഹിത കുടുംംബങ്ങള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് ലൈഫ് പദ്ധതി കടന്നു കഴിഞ്ഞു.അടിമാലിയില്‍ ആദ്യ ഭവനസമുച്ചയം കൈമാറി. മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ ഭവന സമുച്ചയ നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്തി തുടങ്ങിയിട്ടുമുണ്ട്.