ലോകം എബോള പേടിയിൽ. പിടിപെട്ടാൽ മരണം ഉറപ്പ്

ലോകം എബോള പേടിയിൽ. പിടിപെട്ടാൽ മരണം ഉറപ്പ്

ആഫ്രിക്കയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ എബോള പേടിയിലാണ് ലോകം ഇപ്പോൾ.

സമീപകാലത്ത് കണ്ടെത്തിയ വൈറസുകളിൽ ഏറ്റവും അപകടകാരിയാണ് എബോള വൈറസ്. അസുഖം പിടിപെട്ടവരിൽ തൊണ്ണൂറ് ശതമാനവും മരണത്തിന് കീഴടങ്ങുന്നു എന്നതാണ് അപൂർവ്വത. അതുകൊണ്ടാണ് എബോളയേ ലോകം ഇത്രമാത്രം പേടിക്കുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളായ സിയാറാ ലിയോൺ, ഗയാന, ലൈബീരിയ എന്നിവിടങ്ങളിലായി അറുനൂറ്റിയെഴുപത് പേരാണ് ഇതുവരെ എബോള വൈറസ് കാരണം മരണപ്പെട്ടത്. പെട്ടെന്നുള്ള പനി, ക്ഷീണം, തൊണ്ടവേദന എന്നിവയാണ് എബോളയുടെ ആദ്യ ലക്ഷണം. പിന്നാലെ ശക്തമായ ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകും. ചിലരിലാകട്ടേ ആന്തരിക രക്തസ്രാവവും കാണാറുണ്ട്. മൃഗങ്ങളുമായി അടുത്ത സഹവാസമുള്ളവർക്കാണ് എബോള പിടിപെടുന്നത്. ചിമ്പാൻസി, കടവാതിൽ, ചില ആഫ്രിക്കൻ വരയാടുകൾ എന്നിവയിൽ നിന്നാണ് ഈ രോഗം പകർന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എബോള ബാധിച്ചവയുടെ രക്തം, തുപ്പൽ തുടങ്ങി സാമീപ്യം പോലും രോഗം പകരുന്നതിന് കാരണമാണ്. രോഗം വന്ന് മരിച്ച ഒരാളുടെ സംസ്‌ക്കാര ചടങ്ങിൽ പോയാൽ പോലും അസുഖം ബാധിക്കുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ശരീരം മുഴുവൻ മൂടിയ കോട്ട്‌ ഇട്ടാണ് ഡോക്ടർമാർ രോഗികളുടെ അടുത്തെത്തുന്നത്. എന്നിട്ടും ഡോക്ടർമാർക്ക് ഉൾപ്പെടെ രോഗം പടരുകയാണ്.

രോഗം രണ്ട് ദിവസം മുതൽ രണ്ടാഴ്ച്ചക്കുള്ളിൽ മൂർച്ഛിക്കുന്നു. ഇത് കണ്ടുപിടിക്കുകയും എളുപ്പമല്ല. നിലവിൽ ആഫ്രിക്കയിലാണ് രോഗം റിപ്പോർട്ട് ചെയ്തതെങ്കിലും ഒരു കേസ് ഫിലിപ്പീൻസിലും കണ്ടെത്തിയിട്ടുണ്ട്. രോഗിയെ ചികിത്സിക്കുന്നവരും ഏറെ ശ്രദ്ധിക്കേണ്ട രോഗമാണ്‌ എബോള.
മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എബോള ഇപ്പോൾ കൂടുതലായിട്ടുള്ളത്.

1976ൽ കോംഗോയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. അന്ന് അഞ്ഞൂറോളം പേരാണ് എബോള പിടിപെട്ട് മരിച്ചത്. സാധാരണ ഗ്രാമപ്രദേശങ്ങളിലാണ് ഇത് കാണുന്നതെങ്കിൽ ഇത്തവണ നഗരങ്ങളിലാണ് ഗയാനയിൽ ഇത് പടർന്നത്. ഇപ്പോൾ ഉഗാണ്ടയും നൈജീരിയയുമെല്ലാം എബോള പേടിയിലാണ്.

1

2

3

4

5

6

7

8