ലോകവൃദ്ധദിനത്തില്‍ ഏഴുമക്കളുടെ അമ്മ വഴിയരികില്‍

മണിമല: രണ്ട് പെണ്‍മക്കളും അഞ്ച് ആണ്‍മക്കളുമുള്ള 85 കാരിയെ ആരും സംരക്ഷിക്കാനില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു. സംഭവം സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തംഗം മണിമല പോലീസ്‌സ്റ്റേഷനില്‍ കേസ് നല്‍കുകയും വനിതാകമ്മീഷനെ വിവരം അറിയിക്കുകയും ചെയ്തു. വനിതാ കമ്മീഷന്‍ അംഗം ഡോ.പ്രമീളാദേവി സ്ഥലത്തെത്തി അന്വേഷണം നടത്തി.

കടയനിക്കാട് പുളിന്തറ വീട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നാണ് ഈ ദുര്യോഗം. മൂത്ത മകളോടൊപ്പം കടയനിക്കാട് എട്ടാം മൈലിലായിരുന്നു താമസം. സ്വന്തമായി അഞ്ചുസെന്റ് സ്ഥലം ഉണ്ടായിരുന്നത് വിറ്റശേഷം ഇളയ ആണ്‍മക്കളോടൊപ്പം തിരുവനന്തപുരത്തും മലബാറിലും മാറിമാറി താമസിച്ചിരുന്നു. മൂന്ന് ആണ്‍മക്കളും മൂത്ത മകളും കോത്തലപ്പടിയിലും കടയനിക്കാട്ടുമായി താമസമുണ്ട്. രണ്ടാമത്തെ മകള്‍ കങ്ങഴയിലും താമസിക്കുന്നു.

രണ്ടാമത്തെ മകന്റെ മകളുടെ വിവാഹത്തിന് എത്തിയശേഷം മക്കളുടെ പലവീടുകളില്‍ എത്തിയിരുന്നെങ്കിലും ലക്ഷ്മിക്കുട്ടിയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. പല ദിവസങ്ങളിലും കോത്തലപ്പടി വെയിറ്റിങ് ഷെഡില്‍ വന്നിരിക്കുന്നത് വെയിറ്റിങ് ഷെഡിനു സമീപം താമസിക്കുന്ന ബന്ധു കണ്ടിരുന്നു. വൈകുന്നേരം ഈ വീട്ടില്‍ പലപ്പോഴും അന്തിയുറങ്ങി. ഞായറാഴ്ചയും ഇത്തരത്തില്‍ വെയിറ്റിങ് ഷെഡില്‍ മൂന്നാമത്തെ മകന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയെഎത്തിച്ചു. പിന്നീട് വീണ്ടും ലക്ഷ്മിക്കുട്ടിയമ്മ വെയിറ്റിങ് ഷെഡിനു സമീപത്തെ വീട്ടില്‍ എത്തി. തുടര്‍ന്നാണ് മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന കാരണം കാട്ടി പഞ്ചായത്തംഗം മണിമല പോലീസില്‍ പരാതി നല്‍കിയത്. ലക്ഷ്മിക്കുട്ടിയമ്മ ഇപ്പോള്‍ വിശ്രമിക്കുന്ന കോത്തലപ്പടിക്കലെ ബന്ധുവീട്ടില്‍ എത്തിയ ഡോ.പ്രമീളാദേവി ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി കേട്ടു. എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ.പ്രമീളാദേവി പറഞ്ഞു.

പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ചൊവ്വാഴ്ച 9.30ന് സ്റ്റേഷനില്‍ എത്താന്‍ മക്കളോടും ലക്ഷ്മിക്കുട്ടിയമ്മയോടും മണിമല പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.