ലോഡുമായി വന്ന മൂന്നു ലോറികൾ നാട്ടുകാർ തടഞ്ഞു

ഇളംകാട്∙ കൊടുങ്ങ റോഡിൽ ഭാരവാഹനങ്ങളുടെ നിരോധനം ലംഘിച്ച് പാറമടയിൽ നിന്നും ലോഡുമായി വന്ന മൂന്നു ലോറികൾ നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. ഇളംകാട്–കൊടുങ്ങ റൂട്ടിൽ അപകട സാധ്യത നിലനിൽക്കുന്നതിനാൽ ഇൗ റോഡിൽ 8.4 ടൺ മാത്രം കയറ്റിയ ഭാരവാഹനങ്ങളേ കടന്നു പോകാവൂ എന്ന് അറിയിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോർഡും സ്ഥാപിച്ചിരുന്നു.

എന്നാൽ നാൽപതിലധികം ടൺ ഭാരവുമായെത്തി എന്ന കാരണത്താലാണ് മൂന്നു ലോറികൾ പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്. കൊടുങ്ങ വളവിൽ അമിത ഭരവുമായെത്തിയ ലോറി മുൻപ് അപകടസാധ്യത വർധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഭാരവാഹനങ്ങൾ നിരോധിച്ചത്.

ലോറികൾ തടഞ്ഞിട്ടതിനെ തുടർന്ന് ഡപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ, പൊലീസ് എന്നിവർ സ്ഥലത്തെത്തി. എന്നാൽ ലോഡുമായി വാഹനങ്ങൾ തിരിച്ചയയ്ക്കുവാൻ പ്രതിഷേധക്കാർ തയാറായില്ല. ലോഡ് ഇറക്കിയ ശേഷം വാഹനങ്ങൾ വിട്ടു നൽകാം എന്ന് പറഞ്ഞെങ്കിലും ലോറി ഉടമകൾ അതിന് തയാറായില്ല. ഇതേ തുടർന്ന് ലോറികൾ കൊടുങ്ങ റോഡിൽ തന്നെ കിടക്കുകയാണ്. പ്രതിഷേധക്കാർ രാത്രിയിൽ ലോറിക്ക് കാവലിരിക്കുവാനും, വരും ദിവസങ്ങളിൽ സമരം ശക്തമാക്കുവാനുമാണ് തീരുമാനം.