വണ്ണം കൂടാതെ സൂക്ഷിക്കാം

ആഘോഷങ്ങവേളകളില്‍ ഭക്ഷണം വാരിവലിച്ച് കഴിച്ചിട്ട്് വണ്ണം കൂടിയേ എന്നു പരിതപിച്ചിട്ടുകാര്യമില്ല. എങ്ങനെ ഭക്ഷണം കഴിക്കണമെന്നറിയേണ്ടേ ?

ഭക്ഷണകാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുന്ന സമയമാണ് ആഘോഷങ്ങള്‍. മധുരപലഹാരങ്ങളിലും നോണ്‍വെജ് ഇനങ്ങളിലും പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വണ്ണംകൂടി സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കണം.

ആഘോഷങ്ങളെന്നത് ഭക്ഷണപരീക്ഷണങ്ങള്‍ക്കായി മാത്രമല്ല, പ്രിയപ്പെട്ടവരുടെ ഒത്തുചേരലുകളും കല്യാണംപോലുള്ള മധുരഓര്‍മകളും കൂടിയാണ്. അതുകൊണ്ട് വിവിധ രുചികള്‍ തേടുന്നതിനൊപ്പം ആകാരവടിവ് കാക്കാനും ആരോഗ്യം സംരക്ഷിക്കാനും മറന്നുപോകരുത്.

എല്ലാ സന്തോഷങ്ങളുംകൂടി ഒത്തുചേരുമ്പോള്‍ പതിവ് സംരക്ഷണങ്ങള്‍പോലും വിട്ടുകളയാനിടയുണ്ട്. അല്പം ശ്രദ്ധ കൊടുക്കാം ഇക്കാര്യങ്ങളില്‍.

ഭക്ഷണം സ്മാര്‍ട്ടായി തെരഞ്ഞെടുക്കാം

1. മധുരത്തോട് നോ പറഞ്ഞില്ലെങ്കിലും അമിത ഉപയോഗം ഒഴിവാക്കാം. ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചാല്‍പോലും സ്വയം പരിധിവയ്ക്കുക. മധുരത്തിന്റെ കടുത്ത ആരാധകരെങ്കില്‍, അളവ് കുറച്ച് ഇടവേളകളിട്ട് കഴിക്കാം. ഗുണമേന്മ ഉറപ്പുവരുത്തി മധുരം തെരഞ്ഞെടുക്കുക. മധുരപ്രിയര്‍് മില്‍ക്ക് ചോക്ലേറ്റിനോട് നോ പറഞ്ഞ് ഡാര്‍ക്ക് ചോക്ലേറ്റിനോട് കൂട്ടുകൂടുക. നല്ല ഫാറ്റിന്റെ സ്രോതസ് കൂടിയാണിവ.
2. സമീകൃതാഹാരം ശീലമാക്കുക. മത്സ്യമാംസത്തോടൊപ്പം പച്ചക്കറികളും പരിപ്പുപയറുവര്‍ഗങ്ങളും പലതരം ധാന്യങ്ങളും ഉള്‍പ്പെടുത്തുക.

3. ഒരേ ധാന്യം നിത്യവും കഴിച്ചാല്‍ പ്രമേഹസാധ്യത കൂടും. അരി, ഗോതമ്പ് എന്നിവയില്‍ മാത്രം ആശ്രയിക്കാതെ പലവിധ ധാന്യങ്ങളെ ഭക്ഷണത്തിലുള്‍പ്പെടുത്തുക.

4. ആവശ്യമായ കലോറി തിട്ടപ്പെടുത്താം. ഒരുദിവസം ജോലിചെയ്യുമ്പോള്‍ ഇല്ലാതാവുന്ന കലോറി കൂടാതെ ശരാശരി 2000 കലോറി ശരീരത്തില്‍നിന്ന് നഷ്ടപ്പെടുന്നുണ്ട്. ഓരോരുത്തരുടെയും ശരീരത്തിനും ഊര്‍ജനഷ്ടത്തിനും ആവശ്യമുള്ള കലോറി തിട്ടപ്പെടുത്തി അളവില്‍ക്കൂടുതല്‍ കലോറി ശരീരത്തില്‍ ചെല്ലുന്നില്ലെന്ന് ഉറപ്പുവരുത്തുക.

5. വറുത്തതും പൊരിച്ചതും കഴിച്ചോളൂ. അളവ് നിയന്ത്രിക്കണമെന്ന് മാത്രം. ഇങ്ങനെയുള്ളവര്‍ പുറത്തുപോയി കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. വീട്ടില്‍ ഉണ്ടാക്കുന്നവ അത്ര ദോഷം ചെയ്യില്ല.
6. ഇത്തവണ മത്സ്യാഹാരങ്ങളില്‍ കൂടുതല്‍ പരീക്ഷണം നടത്താം.
7. സോഡയും ശീതളപാനീയങ്ങളും കുറയ്ക്കുക. വീട്ടില്‍ ഭക്ഷണം പാകംചെയ്യുമ്പോള്‍ അജിനോമോട്ടോയും കളറിംഗ് ഏജന്‍ഡസ് പോലെയുള്ള രാസപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.

വെള്ളം കുടിക്കാം

നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. മധുരവും കൊഴുപ്പും അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ വെള്ളത്തെ ഒരു കാരണവശാലും ഒഴിവാക്കരുത്. ഇതിലെ ആന്റി ഓക്‌സിഡന്റുകളുടെ ഉയര്‍ന്ന അളവ് ശരീരത്തില്‍ കടന്നുകൂടുന്ന മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
ശരീരഭാരത്തിനനുസരിച്ച് മുതിര്‍ന്ന ഒരു വ്യക്തിക്ക് ദിവസം മൂന്നു മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്. തണുപ്പ്കാലമായതിനാല്‍ വെള്ളം കുടിക്കാന്‍ മടികാണിക്കേണ്ട. ഒരു ഗ്ലാസ് വെള്ളം ഓരോ മണിക്കൂര്‍ കൂടുമ്പോഴും കുടിക്കാം.

ഭക്ഷണത്തിനിടയ്ക്കുള്ള വെള്ളംകുടി ഒഴിവാക്കാം. ആഹാരത്തിനുശേഷം വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഉത്തമം.

ശരീരം അനങ്ങിക്കോട്ടെ…

ആഘോഷബഹളങ്ങള്‍ക്കിടയില്‍ വ്യായാമം വ്യായാമം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. സാധിച്ചില്ലെങ്കില്‍ അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, ഉപയോഗിക്കുക.ലിഫ്റ്റിന് പകരം സ്‌റ്റെയര്‍കെയ്‌സ് തെരഞ്ഞെടുക്കാം.
കൂട്ടുകാരും ബന്ധുക്കളും വീട്ടില്‍ വരുമ്പോള്‍ വെറുതെ ടി.വി. കണ്ടിരിക്കാതെ ഒരുമിച്ച് നടക്കാനോ സൈക്കിള്‍ ചവിട്ടാനോ പോകാം. ഒരുമിച്ചൊരു ഉല്ലാസയാത്രയും, വ്യായാമവുമാവും. ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നതിന്റെ വിരസതയും അകറ്റാം. അതുമല്ലെങ്കില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള സുമ്പ ഡാന്‍സിലും ഒരു കൈനോക്കാം.

ശരീരത്തെ ശ്വസിക്കാന്‍ വിടൂ

ധാരാളം വെള്ളം കുടിക്കുന്നതുപോലെ പ്രധാനമാണ് ത്വക്കിലെ മാലിന്യങ്ങളെ ഒഴിവാക്കുന്നതും. പാര്‍ട്ടികളിലും മേയ്ക്കപ്പിലും വലഞ്ഞ ചര്‍മ്മത്തിന് ശ്വാസം കൊടുക്കാന്‍ കുളിക്കുന്നതിന് മുമ്പുള്ള ഒരു ആവിപിടുത്തം സഹായിക്കും. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അകലാനും ചര്‍മ്മത്തിന് ഉണര്‍വ്വ് നല്‍കാനും സഹായിക്കും.
റിലാക്‌സ് ചെയ്യാനും സമയം

പാര്‍ട്ടികളിലും അടുക്കളത്തിരക്കിലും പെട്ട് റിലാക്‌സ് ചെയ്യാന്‍ മറക്കുന്നവരുണ്ട്. മനസിന്റെയും ശരീരത്തിന്റെയും ഉണര്‍വ്വിന് അല്പം വിശ്രമം ആവശ്യമാണ്. പലരിലും സന്തോഷത്തിലുമുപരി ആഘോഷനിമിഷങ്ങള്‍ ടെന്‍ഷനും സമ്മര്‍ദങ്ങളും വര്‍ദ്ധിപ്പിക്കുന്നു.
പത്തുമിനിറ്റ് ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കുന്നതിനോ പൂന്തോട്ടത്തിലോ ഓമനമൃഗങ്ങള്‍ക്കൊപ്പമോ ചെലവിടാം. വെറുതെ ഒരിടത്തിരുന്ന് ടി.വി. കാണുന്നത് റിലാക്‌സ് ചെയ്യുന്നതിന്റെ ഭാഗമാണെന്ന് കരുതരുത്. ഉണര്‍വേകുന്ന പ്രവര്‍ത്തനങ്ങളാണാവശ്യം. ഇത് മണിക്കൂറുകളോളം ബ്യൂട്ടിപാര്‍ലറുകളില്‍ ചെലവാക്കുന്നതിലും ശരീരത്തിന് ഉന്മേഷം കൊടുക്കും.

ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിലെ ശ്രദ്ധ മനസുകൊണ്ടും ശരീരംകൊണ്ടും തിളങ്ങാന്‍ നിങ്ങളെ സഹായിക്കും. ”അയ്യോ, വണ്ണം കൂടിയല്ലോ” എന്ന കമന്‍ഡില്‍നിന്നും രക്ഷപ്പെടുകയും ചെയ്യാം…

ആഹാരം കഴിക്കുന്നതിലുമുണ്ട് കാര്യം…

ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാന്‍ പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ട്. ചവച്ചരച്ച് കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കും. അന്നജം കൂടുതലുള്ള പദാര്‍ഥങ്ങള്‍ ദഹിക്കുന്നത് ഉമിനീരിന്റെ സഹായത്താലാണ്. അതുകൊണ്ട് ആഹാരം നന്നായി ചവച്ചരയ്ക്കുക തന്നെ വേണം. ആഹാരം കഴിച്ചാലുടനെയുള്ള ഉറക്കം ദഹനത്തെ ബാധിക്കുന്നതിനാല്‍ അതിലും ശ്രദ്ധിക്കണം.