‘വനവും ജനവാസകേന്ദ്രവും തമ്മിലുള്ള ദൂരപരിധി നിശ്ചയിക്കണം’ : പി സി ജോർജ്

എരുമേലി: വനവും ജനവാസ കേന്ദ്രവും തമ്മില്‍ കൃത്യമായ ദൂരപരിധി ഏര്‍പ്പെടുത്തി വനംവകുപ്പ് ഉത്തരവിറക്കണമെന്ന് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്. മരം വീണ് വീടു തകര്‍ന്ന് ആറ് സ്ത്രീകള്‍ക്കു പരിക്കുകളേറ്റ നെടുംകാവ് വയലില്‍ ഇന്നലെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. തകര്‍ന്ന വീട് പുനര്‍ നിര്‍മിക്കാന്‍ വനംവകുപ്പ് തയാറാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണെ്ടന്ന് അദ്ദേഹം പറഞ്ഞു. പരിക്കുകളേറ്റവര്‍ക്ക് ഇതുവരെ ചികിത്സാസഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിരവധി വന്‍ മരങ്ങളാണ് അപകടകരമായ നിലയില്‍ വീടുകള്‍ക്കു സമീപമുള്ളത്. ജനങ്ങളുടെ ജീവന് ഭീഷണിയായ മരങ്ങള്‍ മുറിച്ച് മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാകും. വനാതിര്‍ത്തികളോടു തൊട്ടുചേര്‍ന്നാണ് ജനവാസ കേന്ദ്രങ്ങള്‍. ഇതിനു മാറ്റം വരണം. വനവുമായി കൃത്യമായ അകലം ഏര്‍പ്പെടുത്തി ഉത്തരവിറക്കി നടപ്പിലാക്കണം.

നെടുംകാവ് വയലില്‍ മരങ്ങള്‍ വീണ് ശുഭാനന്ദ ആശ്രമം തകര്‍ന്നതും വീടുകള്‍ തകര്‍ന്നതും വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടതും ഉള്‍പ്പെടെ നിരവധി അപകടങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് വന്‍ മരം കടപുഴകി വീണ് ഒരു വീട് പൂര്‍ണമായി തകര്‍ന്നത്.

വീട്ടില്‍ നൃത്ത പരിപാടിയുടെ റിഹേഴ്‌സലില്‍ പങ്കെടുത്ത ആറ് വീട്ടമ്മമാര്‍ക്കാണ് ഗുരുതരമായി പരിക്കുകളേറ്റത്.

ഇനിയും അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. പരിക്കുകളേറ്റവരെ അദ്ദേഹം സന്ദര്‍ശിച്ചു. കേരള കോണ്‍ഗ്രസ് സെക്കുലര്‍ മണ്ഡലം പ്രസിഡന്റ് ജോഷി ചേനപ്പാടി, പഞ്ചായത്തംഗം അനീഷ് വാഴയില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.