വനിതകള്‍ക്കു പ്രതിരോധ പരിശീലനം നല്‍കി

കാഞ്ഞിരപ്പള്ളി∙ സംസ്ഥാന പൊലീസ് വകുപ്പു നടപ്പാക്കുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടത്തി. കത്തീഡ്രൽ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ ഇടവകയിലെ അഞ്ചു മുതൽ പ്ളസ്ടു ക്ളാസ് വരെയുള്ള 150ഓളം പെൺകുട്ടികൾ പങ്കെടുത്തു. സ്ത്രീകൾക്കെതിരെ സമൂഹത്തിലുണ്ടാകുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കായിക പരിശീലനമാണ് ഇന്നലെ രാവിലെ 10 മുതൽ വൈകിട്ടു നാലു വരെ നടത്തിയ ക്ളാസിൽ നൽകിയത്.

ബസിൽ സഞ്ചരിക്കുന്നതിനിടെയുണ്ടാകുന്ന ശല്യങ്ങൾ, ലിഫ്റ്റിൽ ഒറ്റപ്പെട്ട അവസ്ഥയിലുണ്ടാകുന്ന പീഡനശ്രമങ്ങൾ മറ്റു ലൈംഗികാതിക്രമങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനാവശ്യമായ കായിക പരിശീലനങ്ങളാണു നൽകിയത്. സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി ഫാ.വർഗീസ് പരിന്തിരിക്കൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ നോഡൽ ഓഫിസർ ഡിവൈഎസ്പി വിനോദ് പിള്ള, വനിതാ സെൽ ഇൻസ്പെക്ടർ എൻ.ഫിലോമിന എന്നിവരുടെ മേൽനോട്ടത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരായ നുബീന ബീവി, ഷാഹിദാ ബീഗം എന്നിവരാണു പരിശീലനം നൽകിയത്.