വനിതാ കാർഷിക വിപണനകേന്ദ്രം തുറന്നുനൽകിയില്ല

കാഞ്ഞിരപ്പള്ളി: വനിതകൾക്കായി പഞ്ചായത്ത് നിർമിച്ച കാർഷിക വിപണനകേന്ദ്രം ഉപയോഗശൂന്യമായി നശിക്കുന്നു. മിനി സിവിൽ സ്റ്റേഷനു സമീപത്ത് പഞ്ചായത്ത് സ്ഥലത്ത് നിർമിച്ച 16 കടമുറികളാണ് കരാറെടുത്തവർക്ക് തുറന്ന് നൽകാത്തതിനാൽ നശിക്കുന്നത്. യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് 2015-ലാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

പഞ്ചായത്തിലെ വനിതാ ഘടകം ഫണ്ട് ഉപയോഗിച്ച് 70 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇവിടെയുണ്ടായിരുന്ന മത്സ്യ-മാംസ മാർക്കറ്റ് പൊളിച്ചുനീക്കിയാണ് കെട്ടിടം നിർമിച്ചത്. മുഴുവൻ കടമുറികളും നിർമാണം നടക്കുന്ന സമയത്ത് തന്നെ ലേലത്തിൽ പോയിരുന്നു. റോഡ് കോൺക്രീറ്റിങ് ഉൾെപ്പടെ കടമുറികളുടെ മുഴുവൻ നിർമാണവും പൂർത്തിയാക്കിയിരുന്നു.

ആദ്യലേലത്തിൽ തുക കുറഞ്ഞുപോയെന്ന് ആരോപിച്ച് നിലവിലെ എൽ.ഡി.എഫ്. ഭരണസമിതി പുനർ ലേലം വിളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യതവണ മുറികൾ ലേലത്തിൽ പിടിച്ചവർ ഹൈക്കോടതിയിൽ പരാതി നൽകിയതോടെ പുനർലേലം റദ്ദാക്കി.

കെട്ടിടത്തിന്റെ മുറി പണി നടക്കുന്ന സമയത്തുതന്നെ ലേലത്തിൽ പോയിരുന്നു. ഡിപ്പോസിറ്റ് തുകയായ 2,65,000 രൂപയിൽ 1,33,750 രൂപ ഇവർ മുറികൾക്കായി നൽകിയതായും പരാതിക്കാർ പറയുന്നു. കടമുറികൾ തുറന്നുനൽകുന്നതിനായി ഈ വർഷം വൈദ്യുതീകരണ ജോലികളും പൂർത്തിയാക്കിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

കെട്ടിടത്തിൽ മാലിന്യം നിറയുന്നു

തുറന്നിട്ടിരിക്കുന്ന കെട്ടിടത്തിൽ പുകയില ഉത്പന്നങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. നാല് മാസം മുൻപ് രാത്രിയിലും പകലും കെട്ടിടത്തിൽ അന്യർ പ്രവേശിക്കുന്നത് തടയുന്നതിന് കെട്ടിടം പൂട്ടിയിടണമെന്ന് സബ് ഇൻസ്പെക്ടർ എ.എസ്. അൻസിൽ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഞ്ചായത്ത് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

ഓണച്ചന്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു.